c
തിരക്ക് കുറഞ്ഞ പീരങ്കി മൈതാനത്തെ സപ്ലൈ കോ സ്റ്റാൾ

കൊല്ലം: ബോണസ് വിതരണത്തിനൊപ്പം വിപണി സജീവമായി തുടങ്ങിയ അത്തം നാളിൽ ഇടയ്‌ക്കിടെ പെരുമഴ എത്തിയത് ഉപഭോക്താക്കളെയും വ്യാപാരികളെയും വലച്ചു. ഇന്നലെ ഏതാണ്ട് മുഴുവൻ സമയവും നഗരത്തിന്റെ ആകാശം കറുത്തിരുണ്ടു കിടക്കുകയായിരുന്നു. വൈകിട്ടോടെയാണ് മഴ കൂടുതൽ ശക്തി പ്രാപിച്ചത്. ഓണക്കച്ചവടം ലക്ഷ്യമിട്ടെത്തിയ വഴിയോരക്കച്ചവടക്കാരാണ് മഴയിൽ കൂടുതൽ ബുദ്ധിമുട്ടിലായത്. വസ്ത്രങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വഴിയോര വിപണി ഇന്നലെ മുതൽ സജീവമാണ്. വിവിധ സ്ഥാപനങ്ങളിലെ ബോണസ് വിതരണം ഇന്നലെ ആരംഭിച്ചതിന്റെ പ്രയോജനം വിപണിയിൽ കണ്ടു തുടങ്ങി. പെരുമഴയ്‌ക്കിടയിലും നഗരത്തിലെ ഓണത്തിരക്കിന് കുറവുണ്ടായില്ല. വാഹനത്തിരക്കിൽ നഗരം വീർപ്പുമുട്ടുകയാണ്. ചിന്നക്കട. കടപ്പാക്കട, ഹൈസ്‌കൂൾ ജംഗ്ഷൻ, കളക്ടറേറ്റ്, താലൂക്ക് കച്ചേരി, മെയിൻ റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്. മിക്കവരും വാഹനങ്ങളുമായി നഗരത്തിലേക്കിറങ്ങുന്നത് വരും ദിവസങ്ങളിൽ റോഡുകളിൽ അമിത തിരക്കുണ്ടാക്കും. നഗരത്തിലെ താൽക്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയാലും പ്രധാന പാതകളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല. വ്യാപാര ആവശ്യങ്ങൾക്കും വിനോദത്തിനുമായി നഗരത്തിലെത്തുന്നവർക്ക് പൊലീസ് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ മാത്രമേ വാഹനം നിറുത്തിയിടാൻ അനുവാദം ഉണ്ടാവുകയുള്ളൂ.

 പൂവിളി ഉയർന്നു, പൂക്കളങ്ങളൊരുങ്ങി

ജാതിമത ഭേദമില്ലാതെ മഹാബലിയെ വരവേൽക്കാൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ അത്തപൂക്കളമൊരുങ്ങി. തിരുവോണംവരെ ഇനിയുള്ള 9 ദിനങ്ങളിലും അത്തപൂക്കളങ്ങൾ തയ്യാറാക്കിയാണ് ഓണമൊരുങ്ങുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷം ഇന്നലെ തുടങ്ങി. കാമ്പസുകളിലെ ആഘോഷങ്ങൾ വരുംദിനങ്ങളിലാണ്. അത്തം ഉദിച്ചെങ്കിലും പൂ വിപണിയിൽ വിലയിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. തമിഴ്നാട്ടിൽ തുടരുന്ന മഴ വിളവെടുപ്പിനെ ബാധിച്ചാൽ തിരുവോണത്തോട് അടുക്കുന്ന ദിവസങ്ങളിൽ ചിലപ്പോൾ പൂ വില ഉയർന്നേക്കാം.