photo
നിലവിലുള്ള റെയിൽവേ ഓവർബ്രിഡ്ജ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ തെക്ക് വശത്തുകൂടി പാളത്തിന് മീതേയുള്ള ഓവർബ്രിഡ്ജ് രണ്ടാം കവാടം വരെ നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. സ്റ്റേഷനിലെ രണ്ടാം കവാടം കെട്ടി അടയ്ക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കത്തെ തുടർന്നാണ് യാത്രക്കാർ ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. രണ്ടാം ഫ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തുള്ള റെയിൽപ്പാതയിൽ വല്ലപ്പോഴും ട്രെയിനുകൾ പിടിച്ചിടാറുണ്ട്. ഇതേ തുടർന്നാണ് രണ്ടാം കവാടം കെട്ടി അടയ്ക്കാനുള്ള തീരുമാനം റെയിൽവേ അധികൃതർ കൈക്കൊണ്ടത്. നിലവിലുള്ള ഓർവർ ബ്രിഡ്ജ് ഒന്നും രണ്ടും ഫ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. നിലവിലെ രണ്ടാം ഫ്ലാറ്റ്ഫോമിൽ അവസാനിക്കുന്ന ഓവർബ്രിഡ്ജ് 35 മീറ്ററോളം കിഴക്കോട്ട് നീട്ടിയാൽ രണ്ടാം കാവാടത്തിന്റെ പടിക്കൽ എത്തിച്ചേരും. ഓവർബ്രിഡ്ജ് കിഴക്കോട്ട് നീട്ടി നിർമ്മിച്ച ശേഷം രണ്ടാം കവാടം കെട്ടി അടച്ചാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഒന്നും രണ്ടും ഫ്ലാറ്റ് ഫോമിൽ എത്താൻ കഴിയും. ഈ ആവശ്യം റെയിൽവേ ആക്ഷൻ കൗൺസിൽ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ പറയുന്നു.

രണ്ടാം കവാടം ഏറെ പ്രയോജനകരം

നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് രണ്ടാം കവാടം. കരുനാഗപ്പള്ളിയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ രണ്ടാം കവാടം വഴിയാണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാതെ റെയിൽവേ അധികൃതർ എടുക്കുന്ന ഏതു തീരുമാനത്തെയും ശക്തമായി എതിർക്കുമെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ നിലപാട്.