കൊല്ലം: പാലത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. മോഷ്ടാവ് സി.സി ടി.വി കാമറ തകർത്തെങ്കിലും ഹാർഡ് ഡിസ്ക് പരിശോധിച്ചാണ് ദൃശ്യങ്ങൾ ശേഖരിച്ചത്.
കഴിഞ്ഞ മാസം 20 നാണ് മോഷണം നടന്നത്. വേദനാ സംഹാരിയായി നൽകുന്ന ഡയാസപാമിന്റെ പത്ത് മില്ലി ഗ്രാമിന്റെ ആമ്പ്യൂളുകളും ഇതേ ശ്രേണിയിലുള്ള മറ്റ് മരുന്നുകളാണ് മോഷ്ടിച്ചത്. മോഷണം പോയ മരുന്നുകളെല്ലാം ലഹരിയ്ക്കായി യുവാക്കൾ കുത്തിവയ്ക്കാറുണ്ട്. യുവാക്കൾക്ക് വിൽക്കാനാണ് ഈ മരുന്നുകൾ മോഷ്ടിച്ചതെന്ന് സംശയമുണ്ട്. പ്രതി സി.സി ടി.വി കാമറ തകർക്കാൻ ശ്രമിക്കുന്ന സമയത്തെ ദൃശ്യങ്ങളല്ലാതെ മറ്റൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ആശുപത്രിയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. പ്രതിയെ തിരിച്ചറിഞ്ഞാൽ അറിയിക്കണമെന്ന് ഇരവിപുരം പൊലീസ് ആവശ്യപ്പെട്ടു.