കരുനാഗപ്പള്ളി : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ഓണം താലൂക്ക് ഫെയറിന് തുടക്കമായി. നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാന്റിലാണ് 10 വരെ ഓണച്ചന്ത പ്രവർത്തിക്കുന്നത്. മേളയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് ആദ്യ വില്പന നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, നഗരസഭാ കൗൺസിലർമാരായ സി. വിജയൻ പിള്ള, അജിതകുമാരി, പാർട്ടി നേതാക്കളായ ജെ. ജയകൃഷ്ണപിള്ള, എൻ. അജയകുമാർ, കമറുദ്ദീൻ മുസലിയാർ, എ. വിജയൻ, പിംസോൾ അജയൻ, പി. രാജു, കാട്ടൂർ ബഷീർ, അഡ്വ. ബി. ഗോപൻ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ബി. ജയചന്ദ്രൻ സ്വാഗതവും ഓണം ഫെയർ ഇൻ ചാർജ് ഓഫീസർ ദർവീഷ് നന്ദിയും പറഞ്ഞു. ഓണം മാർക്കറ്റിൽ നിന്ന് എല്ലാ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും മിതമായ നിരക്കിൽ ലഭ്യമാകും. സംസ്ഥാന ഹോർട്ടികോർപ്പ് നേരിട്ട് നടത്തുന്ന പച്ചക്കറി സ്റ്റാളും ഇതോടൊപ്പം പ്രവർത്തിക്കും. ഗൃഹോപകരണങ്ങളുടെ വില്പന വിലയിൽ പൊതുവിപണിയിൽ നിന്ന് 40 ശതമാനം വരെ വിലക്കുറവ് മേളയിൽ ലഭ്യമാണ്. ഇലക്ട്രിക്ക് അയൺ, മിക്സി, മിക്സി കം ഗ്രൈൻഡർ, വിവിധയിനം ഫാനുകൾ, ടിവി, പ്രഷർ കുക്കർ എന്നിവ ലഭ്യമാണ്. സർക്കാർ നയത്തിന്റെ ഭാഗമായി പബ്ലിക് ഡിസ്ട്രിബ്യൂഷൻ സമ്പ്രദായം വഴി ഗൃഹോപകരണ വിൽപന ചരിത്രത്തിലാദ്യമായി സപ്ലൈകൊ നിർവഹിക്കുകയാണ്.