c
പുത്തൂർ ടൗണിൽ ഇന്ന് മുതൽ ട്രാഫിക് പരിഷ്കരണം

പുത്തൂർ : ഓണക്കാലത്തെ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി പുത്തൂർ ടൗണിൽ ഇന്ന് മുതൽ ഗാതഗത പരിഷ്കരണം നടപ്പാക്കാൻ ട്രാഫിക്ക് അവലോകന സമിതിയിൽ തീരുമാനമായി. ടൗണിലെ അനധികൃത പാർക്കിംഗിന് എതിരെ കർശന നടപടിയുണ്ടാകും. ഓട്ടോ സ്റ്റാൻഡുകൾക്ക് എതിർ ഭാഗത്തെ പാർക്കിംഗിന് ചില നിയന്ത്രണങ്ങളും വരുത്തും. ബസ് സ്റ്റോപ്പുകൾക്ക് എതിർഭാഗത്തെ പാർക്കിംഗ് ഇനി മുതൽ അനുവദിക്കില്ല. മണ്ഡപത്തിൽ നിന്ന് മാറനാട് റോഡിൽ പുത്തൂർ പബ്ലിക് ലൈബ്രറിയുടെ മുൻഭാഗം വരെയുള്ള പാർക്കിംഗ് നിരോധിച്ചു. ചെറുമങ്ങാട് ആലയ്ക്കൽ ജംഗ്ഷൻ മുതൽ ബഥനി ജംഗ്ഷൻ വരെ വഴിയോരക്കച്ചവടങ്ങൾക്കും നിയന്ത്രണമുണ്ടാകും. രാവിലെ ഒമ്പതു മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ ഏഴുവരെയുമാണ് നിയന്ത്രണം. ഓണക്കാലത്തേക്കാണ് ഈ നിരോധനം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന സമിതി യോഗത്തിൽ പുത്തൂർ എസ്.ഐ. ആർ. രതീഷ് കുമാർ, അവലോകന സമിതി ഭാരവാഹികളായ ഡി. മാമച്ചൻ, പ്രശാന്ത് കുമാർ, പഞ്ചായത്ത് അംഗം ജെ.കെ. വിനോദിനി, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ. കുമാരൻ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പാർക്കിംഗ് കേന്ദ്രങ്ങൾ

ചെറുമങ്ങാട് ചേരിയിൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടം, ചീരങ്കാവ് റോഡിൽ കുഴിയിൽ ഭാഗത്തെ സ്വകാര്യ പുരയിടം, കുമ്പഴ ക്ഷേത്ര ഗ്രൗണ്ട്, നെടുവത്തൂർ പഞ്ചായത്തിലെ പുത്തൂർ കിഴക്കേ ചന്ത, പൊലീസ് സ്‌റ്റേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്കുചെയ്യാം. ചേരിയിൽ ക്ഷേത്രത്തിന് സമീപം ശ്രീശ്രീ ഫുട് വെയറിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും നിർമ്മല ടെക്സ്റ്റയിൽസിന് സമീപത്തെ സ്വകാര്യ പുരയിടത്തിലും ഇരുചക്രവാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാവൂ.