lps
വെട്ടിലത്താഴം ജി.വി.പി എൽ.പി.എസിലെ കുട്ടികൾ ജീവകാരുണ്യ പ്രവ‌ർത്തനത്തിന്റെ ഭാഗമായി സമാഹരിച്ച 10001 രൂപ പി.ടി.എ പ്രസിഡന്റ് മണി കെ.ചെന്താപ്പൂര്, ഹെഡ്മിസ്ട്രസ് സുഷ തുടങ്ങിയവരുടെ നേതൃത്വത്തിൽ അജിത്തിന്റെ വീട്ടിലെത്തി കൈമാറുന്നു

കൊല്ലം: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അച്ഛനും ജന്മനാ സംസാരശേഷിയും ചലനശേഷിയുമില്ലാത്ത മകനും കുരുന്ന് വിദ്യാർത്ഥികളുടെ കാരുണ്യ സഹായം. ചെന്താപ്പൂര് കരോട്ട് കിഴക്കതിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്തിനും മകൻ അജിനും വെട്ടിലത്താഴം ജി.വി.പി എൽ.പി.എസിലെ കുട്ടികൾ ജീവകാരുണ്യ പ്രവ‌ർത്തനത്തിന്റെ ഭാഗമായി സമാഹരിച്ച 10001 രൂപ പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘം അജിത്തിന്റെ വീട്ടിലെത്തി കൈമാറി.

അജിത്തിന്റെയും മകന്റെയും ദുരിതകഥ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഉദാരമതികളായ നിരവധിപേരുടെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു. വെൽഡിംഗ് തൊഴിലാളിയായിരുന്ന അജിത്തിന് വീട്ടമ്മയായ ഭാര്യയും മകളുമുണ്ട്. അജിനെ ഈ അദ്ധ്യയന വർഷമാണ് വെട്ടിലത്താഴം സ്കൂളിൽ ചേർത്തത്. അജിത്തിന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ നേരിൽകണ്ട അദ്ധ്യാപകർ ഹെൽത്ത് ക്ളബ് മുഖേന തുക സമാഹരിക്കാൻ നേതൃത്വം നൽകി.

കാരുണ്യ നിധി വിതരണ ചടങ്ങിൽ ചാത്തന്നൂർ ബി.ആർ.സിയിൽ നിന്ന് ഷേക്സ് റോബർട്ട് ലോപ്പസ്, ട്രെയിനർമാരായ അഞ്ജലി, പ്രേമ, സ്റ്റാഫ് സെക്രട്ടറി ആശ, പ്രദീപ്, എം.എസ്. കുറുപ്പ് എന്നിവരും പങ്കെടുത്തു. അജിന് സ്കൂളിൽ എത്താൻ പ്രയാസമാണെങ്കിലും നിലവിലുള്ള വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഹെഡ്മിസ്ട്രസ് സുഷയും പി.ടി.എ പ്രസിഡന്റ് മണി കെ. ചെന്താപ്പൂരും പറഞ്ഞു.