ശാസ്താംകോട്ട: ഓണാഘോഷത്തിനിടെ ഇന്നലെ രാവിലെ പതാരം സ്കൂളിന് മുന്നിൽ സംഘർഷമുണ്ടായി. ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പ്രത്യേക വസ്ത്രം ധരിച്ചാണ് സ്കൂളിലെത്തിയത്. മാനേജ്‍മെന്റും അദ്ധ്യാപകരും ചേർന്ന് ഇവരെ ഗേറ്റിൽ തടയുകയും, പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥികൾ സ്കൂളിന് പുറത്ത് ആഘോഷം തുടങ്ങി. പൊലീസെത്തി പുറത്തെ ആഘോഷം തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശൂരനാട് പൊലീസിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ വിദ്യാർത്ഥികളും യൂണിഫോം ധരിച്ച് സ്കൂളിലെത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ശൂരനാട് പൊലീസും സ്കൂൾ അധികൃതരും പറയുന്നു.