photo
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. തേമ്പ്ര വേണുഗോപാൽ, കെ.എസ്.നാരായണൻ, ഡോ.ബി.എസ്.പ്രദീപ് കുമാർ, പി.ശശിധരൻ എന്നിവർ സമീപം

കൊട്ടാരക്കര : ആദ്ധ്യാത്മികതയ്ക്ക് പ്രാധാന്യം നൽകിയുള്ള നവോത്ഥാനമാണ് സമൂഹത്തിന് ആവശ്യമെന്ന് മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ് പറഞ്ഞു. വിനായക ചതുർത്ഥി ഗണേശോത്സവത്തോടനുബന്ധിച്ച് കൊട്ടാരക്കര ശ്രീമഹാ ഗണപതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസം സംരക്ഷിക്കപ്പെടണം. ഓരോ ക്ഷേത്രവും സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. യുദ്ധം ജയിച്ചുവന്ന അസുര ചക്രവർത്തിമാർ ക്ഷേത്രങ്ങൾ കൈവശപ്പെടുത്തിയിരുന്നു. ഇത് ആ കാലഘട്ടത്തിലും ആരാധനാലയങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകലം കുറയ്ക്കാൻ കഴിയുന്നതാകണം വിശ്വാസങ്ങളും ആചാരങ്ങളും. നവോത്ഥാന ചിന്തകൾ എക്കാലവും നല്ലതാണ്. ഭിന്നിപ്പിക്കലല്ല ഒന്നിപ്പിക്കലാണ് വേണ്ടത്. അതിന് ആത്മീയതയുടെ പിൻബലം ഉണ്ടെങ്കിലേ ഗുണം ചെയ്യുകയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതിയുടെയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്ര സംരക്ഷണ സമിതി ദക്ഷിണ മേഖല അദ്ധ്യക്ഷൻ തേമ്പ്ര വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എസ്.നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം കൊല്ലം വിചാർ വിഭാഗ് സംഘചാലക് ചിത്ര രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ശശിധരൻ, വി.എച്ച്.പി ജില്ലാ ധർമ്മ ജാഗരൺ പ്രമുഖ് എ.പ്രേംകുമാർ, സംഘാടക സമിതി വൈസ് പ്രസിഡന്റ് അനിൽകുമാർ കൊച്ചുപാറയ്ക്കൽ, തേവന്നൂർ ഉണ്ണിക്കൃഷ്ണൻ നായർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനിൽ കുമാർ മുകളുവിള, സെക്രട്ടറി ആർ.വത്സല, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി എൻ.രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. രാവിലെ നടന്ന മാതൃ സമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ഡോ.ശ്രീഗംഗ ഉദ്ഘാടനം ചെയ്തു. പുനലൂർ ജില്ലാ മാതൃസമിതി അദ്ധ്യക്ഷ ഇന്ദിരാമ്മ അദ്ധ്യക്ഷത വഹിച്ചു.