കൊട്ടാരക്കര: സ്വത്തു തർക്കത്തെ തുടർന്ന് വെട്ടേറ്റ വൃദ്ധമാതാവ് ഗുരുതരാവസ്ഥയിൽ. വെട്ടിക്കവല തലച്ചിറ മുട്ടുകോണം എ.എസ്.ഭവനിൽ കുഞ്ഞമ്മ(68)യ്ക്കാണ് വെട്ടേറ്റത്. പിൻകഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞമ്മയുടെ മകൻ അനിലിനെ (39) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത് - മദ്യപാനിയായ അനിൽ വീടും പുരയിടവും തന്റെ പേരിൽ എഴുതിത്തരണമെന്ന് നിരന്തരം കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിരുന്നു. മകന്റെ മദ്യപാനവും ദുർനടപ്പും ബോദ്ധ്യമുള്ള മാതാവ് അതിന് തയ്യാറായില്ല. മിക്കപ്പോഴും മദ്യ ലഹരിയിൽ എത്തുന്ന അനിൽ കുഞ്ഞമ്മയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. പല തവണ മകനെതിരെ കുഞ്ഞമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് എത്തുമ്പോൾ മുങ്ങുന്നതാണ് ഇയാളുടെ ശീലം. കഴിഞ്ഞ ദിവസം മദ്യലഹരിയിൽ വീട്ടിലെത്തിയ അനിൽ പതിവുപോലെ വഴക്കുണ്ടാക്കി. മർദ്ദനമേറ്റതോടെ പിന്തിരിഞ്ഞ് ഓടാൻ തുടങ്ങിയ കുഞ്ഞമ്മയെ കഴുത്തിന് വെട്ടുകയായിരുന്നു. കുഞ്ഞമ്മ കുഴഞ്ഞുവീണതോടെ അനിൽ ഓടി രക്ഷപെട്ടു. അയൽക്കാരും ബന്ധുക്കളും ചേർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര പൊലീസ് അനിലിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. സി.ഐ ബിനുകുമാർ എസ്. ഐ രാജീവ്, വാളകം ഔട്ട് പോസ്‌റ്റിലെ എ.എസ്.ഐ സജീവ് ,സി.പി.ഒ ഹരിലാൽ എന്നിവരടങ്ങിയ സംഘമാണ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തത്.