prd0959
ഓണക്കാ​ല പരി​ശോ​ധന​കൾ സം​ബ​ന്ധി​ച്ച് ജില്ലാ കള​ക്ടർ ബി. അബ്ദുൽ നാ​സ​റി​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ ചേർന്ന യോഗം

കൊല്ലം: ഓണാഘോഷം സമാധാന പൂർണമാക്കാൻ പരിശോധനകൾ ശക്തമാക്കണമെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാജമദ്യ വില്പ്പന തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കണം. രാത്രികാല പൊലീസ് പെട്രോളിങ് ശക്തമാക്കണം. ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഊർജിതപ്പെടുത്തണം. ക്രമക്കേടുകൾ കണ്ടെത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അളവ് തൂക്ക വിഭാഗം ശക്തമായ നടപടി സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.
വാഹനാപകടം കുറയ്ക്കാൻ ആർ.ടി. ഒയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹെൽമറ്റ് ഇടാതെയും അലക്ഷ്യമായും വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പൊലീസുമായി ചേർന്ന് പ്രത്യേക പരിശോധനകൾ നടത്തണം. രാത്രികാല വാഹന പരിശോധനയും കാര്യക്ഷമമാക്കണം.
എല്ലാ താലൂക്കുകളിലും റവന്യൂ-പൊലീസ്-എക്‌സൈസ് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കണം. എക്‌സൈസ് വകുപ്പിന്റെ താലൂക്ക്തല കൺട്രോൾ റൂമുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. വനം വകുപ്പിന്റെ സഹകരണത്തോടെ വനാന്തർഭാഗങ്ങളിലും ചെക്ക് പോസ്റ്റുകളിലും പ്രത്യേക പരിശോധന നടത്തണം. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ പരിശോധന ശക്തമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടികൾ വേഗത്തിലാക്കണം.
ബീച്ചിൽ കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കണം. രക്ഷാപ്രവർത്തനത്തിന് അവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണം ഉറപ്പ് വരുത്തണം. ഓണത്തോടനുബന്ധിച്ച് ബീച്ചിൽ തിരക്ക് വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഓരോ വകുപ്പും സ്വീകരിക്കുന്ന നടപടികളുടെ ഡെയ്‌ലി റിപ്പോർട്ട് നൽകണമെന്നും കലക്ടർ പറഞ്ഞു.
സബ് കലക്ടർ അനുപം മിശ്ര, എ ഡി എം പി.ആർ.ഗോപാലകൃഷണൻ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.