കൊല്ലം: മലബാർ മാവ് കർഷക സമിതിയുടേയും ഓൾ കേരളാ ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് ചക്ക മഹോത്സവത്തിനും മാമ്പഴ മേളയ്ക്കും തുടക്കമായി.
മേളയുടെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ആദ്യവിൽപ്പന നടത്തി. എബി ഫ്രാൻസീസ് സ്വാഗതവും ജാഫർ പി. മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
തേൻവരിക്ക ചക്കയും മൂല്യവർദ്ധിത ഉത്പന്നങ്ങളായ ചക്ക ഉണ്ണിയപ്പം, ചക്കപ്പായസം, ചക്ക കട്ലറ്റ്, ചക്കഹൽവ, ചക്ക സ്‌ക്വാഷ്, ചക്ക വറുത്തത് തുടങ്ങി 60 ലധികം ഉത്പ്പന്നങ്ങളാണ് മേളയിലുള്ളത്. കൂടാതെ നാടൻ മാമ്പഴം, പതിനഞ്ചിൽപ്പരം ഇനം മാങ്ങാ അച്ചാറുകൾ, ജാതിക്ക, നെല്ലിക്ക തുടങ്ങിയവയുടെ അച്ചാറുകളുൾപ്പെടെ നിരവധി ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.