photo
സൈലു

കൊട്ടാരക്കര: വാഹനങ്ങൾക്ക് വ്യാജ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകുന്ന ആർ.ടി.ഒ ഏജന്റ് പിടിയിൽ. കൊട്ടാരക്കര ആർ.ആർ. കൺസൾട്ടൻസി ഉടമ മുസ്ലിം സ്ട്രീറ്റ് എസ്.എസ്.മൻസിലിൽ സൈലുനെയാണ് (41) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ജെയിംസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഐഷർ ലോറി, കൈതക്കോട് സ്വദേശി ജയചന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള വാഹനം എന്നിവക്ക് വ്യാജ പോളിസി സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. പോളിസി കാലാവധി കഴിഞ്ഞു പുതുക്കാനായി സൈനുവിനെ സമീപിക്കുമ്പോൾ കാലാവധി പൂർത്തിയായ മറ്റൊരു സർട്ടിഫിക്കറ്റിന്റെ നമ്പരിൽ വാഹനത്തിന്റ രേഖകൾ ചേർത്ത് ഇൻഷ്വറൻസ് കാലാവധി പിന്നീടുള്ള ഒരു വർഷം ചേർത്തുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കൈതക്കോട് സ്വദേശി ജയചന്ദ്രൻ മെയ് 25ന് കാലാവധി കഴിഞ്ഞ പോളിസി സൈലു മുഖാന്തിരം പുതുക്കിയശേഷം വാഹനം വില്പന നടത്തിയിരുന്നു. വാങ്ങിയ ആൾ പോളിസി ഉടമസ്ഥത തന്റെ പേരിലാക്കാൻ കൊട്ടാരക്കര ഓറിയന്റൽ ഇൻഷ്വറൻസ് ഓഫീസിൽ ചെന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഓറിയന്റൽ ഇൻഷ്വറൻസ് കൊട്ടാരക്കര ഡിവിഷണൽ മാനേജർ കൊട്ടാരക്കര പൊലീസിൽ രേഖാമൂലം പരാതിപ്പെട്ടു. കൊട്ടാരക്കര ഇൻസ്‌പെക്ടർ ടി.ബിനുകുമാർ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സൈലു പിടിയിലായത്. വ്യാജ പോളിസി സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ ഇൻഷ്വറൻസ് തുക പൂർണമായും സൈലുവിന്റെ കീശയിലെത്തിയിരുന്നു. പ്രതിക്കെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തു. കൂടുതൽ വാഹന ഉടമകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.