tkm-park
ആശ്രാമം തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക് മന്ത്റി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു. മേയർ വി.രാജേന്ദ്രബാബു,​ എൻ.കെ. പ്രേമചന്ദ്രൻ എം.പി,​ എം. നൗഷാദ് എം.എൽ.എ തുടങ്ങിയവർ വേദിയിൽ

കൊല്ലം: ആശ്രാമം തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക് മന്ത്റി എ.സി. മൊയ്തീൻ നാടിന് സമർപ്പിച്ചു. നാടിന്റെ നാളെയക്കുറിച്ച് ചിന്തയുള്ള ക്രാന്തദർശിയായിരുന്ന തങ്ങൾകുഞ്ഞ് മുസലിയാരുടെ നാമധേയത്തിൽ ഒരു പാർക്ക് യാഥാർത്ഥ്യമാകുന്നത് അഭിമാനകരമാണെന്ന് മന്ത്റി പറഞ്ഞു. ഓണാഘോഷങ്ങൾ ഹരിതചട്ടം പാലിച്ച് നടത്താനും പ്ലാസ്​റ്റിക് ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം. സെപ്‌​റ്റേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റുകളും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ഇനിയും സ്ഥാപിക്കേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തെ സംബന്ധിച്ച ജനങ്ങളുടെ മനോഭാവത്തിൽ മാ​റ്റം വരണം. മാലിന്യനീക്കം നടക്കണമെന്ന് ശഠിക്കുകയും പ്ലാന്റുകളെ എതിർക്കുകയും ചെയ്യുന്ന രീതിയും മാറണമെന്നും മന്ത്റി പറഞ്ഞു.

മേയർ വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, കോർപ്പറേഷൻ കൗൺസിലർമാരായ എസ്. ഗീതാകുമാരി, ചിന്ത എൽ. സജിത്ത്, ഷീബ ആന്റണി, എ.കെ. ഹഫീസ്, ഹണി, രവീന്ദ്രൻ, കോർപ്പറേഷൻ സെക്രട്ടറി കെ. ഹരികുമാർ, ഷഹാൽ ഹസൻ മുസലിയാർ, സൂപ്രണ്ടിംഗ് എൻജിനിയർ പി.ജെ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

അമൃത് പദ്ധതി പ്രകാരം 270 കോടി രൂപയുടെ വിവിധ പദ്ധതികളാണ് നഗരത്തിൽ നടന്നുവരുന്നത്. ഇതിൽ 1.17 കോടി രൂപ ചെലവിലാണ് പാർക്ക് പൂർത്തിയായത്.