പത്തനാപുരം : പത്തനാപുരത്തെ സി.പി.എം-സി.പി.ഐ പോരിനെ തുടർന്ന് പരസ്യ പ്രതിഷേധവുമായി സി.പി.ഐ രംഗത്ത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ പത്തനാപുരത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.ഐയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം മുൻ എം.എൽ.എ പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞ് പോക്കിനെപ്പറ്റി സി.പി.എം ഗൗരവമായി ചർച്ച ചെയ്യണമെന്നും ആളുകൾ സി.പി.ഐയിൽ ചേരുന്നത് ജനാധിപത്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരെ ആക്രമിച്ചതിൽ പാർട്ടി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യ കയറ്റിറക്ക് തൊഴിലാളികൾ സി.പി.ഐയിൽ ചേർന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സി. പി. എം നേതാക്കളുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മണ്ഡലം സെക്രട്ടറിയേറ്റംഗം സഫറുള്ളഖാൻ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിന് മുന്നോടിയായി നടന്ന പ്രതിഷേധമാർച്ച് ജനതാ ജംഗ്ഷനിൽ നിന്നാരംഭിച്ച് നെടുംപറമ്പ് ചുറ്റി ടൗണിൽ സമാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ, എം. ജിയാസുദ്ദീൻ, കെ. വാസുദേവൻ, എസ്.എം. ഷെരീഫ്, ഹസൻ കണ്ണ്, അശോകൻ നായർ, സുനിതാ രാജേഷ്, എസ്. അർഷാദ്, വിഷ്ണു ഭഗത്, ജെ. മുഹമ്മദ് ഇല്യാസ് എന്നിവർ പങ്കെടുത്തു.