കരുനാഗപ്പള്ളി : മലിനമായിക്കൊണ്ടിരിക്കുന്ന പള്ളിക്കലാറിനെ സംരക്ഷിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ഒരുകൂട്ടം യുവാക്കൾ കായലിലെയും തീരത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കെ ചെയ്ത് കായൽ സംരക്ഷിക്കാൻ രംഗത്തിറങ്ങി. ഫേസ്ബുക്കിൽ നടത്തിയ ചലഞ്ചിന് വലിയ പിന്തുണയുണ്ടായെങ്കിലും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ശേഖരിക്കാനുള്ള ചലഞ്ച് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അതേത്തുടർന്നാണ് ചലഞ്ചിന് നേതൃത്വം നൽകിയ പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി മഞ്ജുക്കുട്ടൻ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ എന്നിവരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തത്. ആദ്യഘട്ടത്തിൽ തേവർകാവ് ക്ഷേത്രം മുതൽ കന്നേറ്റി വരെയുള്ള ഭാഗമാണ് ഇതിനായി തിരഞ്ഞെടുത്തത്. ആദ്യദിവസം തന്നെ ഒരുവള്ളം നിറയെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി. അറവുമാലിന്യങ്ങൾ ചാക്കുകളിലാക്കി കായലിൽ തള്ളുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഇവർ പറയുന്നു. വരും ദിവസങ്ങളിലും പ്രവർത്തനം തുടരും. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നമ്മുടെ ജലാശയത്തെ സംരക്ഷിക്കാൻ കൂടുതൽപേർ എത്തുമെന്ന് പ്രതീക്ഷയിലാണ് ഇവർ.