parvathy
പാർവ്വതി മിൽ

 ലക്ഷ്യം വസ്ത്രനിർമ്മാണവും വിപണനവും

 1000 പേർക്ക് തൊഴിൽ

കൊല്ലം: രാജ്യത്തെ എല്ലാ വസ്ത്രനിർമ്മാതാക്കളുടെയും ഉല്പന്നങ്ങളുടെ കേന്ദ്രമായി കൊല്ലം പാർവതി മില്ലിനെ മാറ്റാൻ ശ്രമം.

കേന്ദ്ര സർക്കാർ കനിഞ്ഞാൽ നഗരഹൃദയത്തിൽ ശ്മശാനമൂകമായി കിടക്കുന്ന പാർവതി മിൽ വളപ്പ് ടെക്സ്റ്റയിൽസ് പാർക്കാകും.

നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാർവതി മിൽ സ്ഥിതി ചെയ്യുന്ന 22 ഏക്കർ ഭൂമി ഇതിനായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മേയർ വി. രാജേന്ദ്രബാബു കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. പാർവതി മില്ലിന്റെ ഭൂമി പാട്ടത്തിനെടുക്കാനാണ് നഗരസഭയുടെ ആലോചന. ആദ്യഘട്ടത്തിൽ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും പ്രദർശനവും വിപണനവുമാണ് ലക്ഷ്യം. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വസ്ത്ര നിർമ്മാതാക്കൾക്ക് അസംസ്കൃത വസ്തുക്കളും യന്ത്രങ്ങളും സ്ഥാപിച്ച് ഉല്പാദനം നടത്താനുള്ള സൗകര്യമൊരുക്കും.

മിൽ വളപ്പിൽ നിലവിലെ കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തിയാകും ആദ്യഘട്ടത്തിൽ ടെക്സ്റ്റയിൽസ് പാർക്കിന്റെ പ്രവർത്തനം. പിന്നീട് ടെക്സ്റ്റയിൽസ് വികസനത്തിനുള്ള കേന്ദ്രഫണ്ടോടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. തുണിത്തരങ്ങളുടെ നിർമ്മാണം അടക്കം ആരംഭിക്കുമ്പോൾ കുറഞ്ഞത് 1000 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. കഴിഞ്ഞ എൻ.ഡി.എ സർക്കാരിന്റെ കാലത്ത് സ്മൃതി ഇറാനി ടെക്സ്റ്റയിൽസ് മന്ത്രിയായിരിക്കെ മേയർ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. മില്ലുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പായാലേ നഗരസഭയ്ക്ക് പാർവതി മിൽ ഏറ്റെടുക്കാനാകൂ.

 ചരിത്രം

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ വിട്ടുനൽകിയ ഭൂമിയിൽ 1884ൽ ബ്രിട്ടീഷുകാർ എ.ഡി കോട്ടൺ എന്ന പേരിൽ തുണിമിൽ സ്ഥാപിച്ചു

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കേരള ടെക്സ്റ്റയിൽസ് കോർപ്പറേഷൻ ഏറ്റെടുത്ത് തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് പാട്ടത്തിന് കൈമാറിയതോടെ പേര് പാർവ്വതി മിൽ എന്നായി.

1974ൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ (എൻ.ടി.സി)ഏറ്രെടുത്തു.

തകർച്ച

ലാഭകരമായി പ്രവർത്തിച്ചിരുന്ന മിൽ കാലത്തിനൊത്ത് നവീകരിക്കാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

2005ൽ മിൽ സ്വകാര്യവത്കരിക്കാൻ എൻ.ടി.സി ശ്രമം. ശക്തമായ എതിർപ്പുമായി തൊഴിലാളി സംഘടനകൾ രംഗത്ത്. എൻ.ടി.സി തീരുമാനം ഉപേക്ഷിച്ചു.

2008ൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. നഷ്ടം പെരുകിയതാണ് കാരണം. മെഷിനറികൾ തുരുമ്പ് കയറി നശിക്കുകയാണ്.

കേസ്

2005ൽ സ്വകാര്യവല്ക്കരണത്തിനായി നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ താല്പര്യപത്രം ക്ഷണിച്ചതിനെ തുടർന്ന് വിവിധ കമ്പനികൾ രംഗത്ത് എത്തി.

തൊഴിലാളി സംഘടനകൾ ശക്തമായി എതിർത്തതോടെ തീരുമാനം ഉപേക്ഷിച്ചു. എന്നാൽ, സമ്മതപത്രം നൽകിയ കമ്പനികൾ തീരുമാനം നടപ്പാക്കികിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസ് ഇപ്പോഴും സുപ്രീം കോടതിൽ നിലവിലുണ്ട്.

തൊഴിലാളികൾ

പ്രവർത്തനം നിറുത്തിയപ്പോൾ തൊഴിലാളികൾക്ക് സ്വയംവിരമിയ്ക്കലിന് എൻ.ടി.സി അവസരം നൽകിയിരുന്നു.

തയ്യാറാകാതിരുന്ന നൂറോളം തൊഴിലാളികൾ ജോലിയൊന്നുമില്ലെങ്കിലും ഇപ്പോഴും മില്ലിൽ വരുന്നുണ്ട്. രാവിലെ കൃത്യസമയത്ത് എത്തുന്ന തൊഴിലാളികൾ എട്ട് മണിക്കൂർ കഴിയുമ്പോൾ മടങ്ങും.

ശമ്പളവും ലഭിക്കുന്നുണ്ട്. മില്ല് പൂട്ടിയപ്പോൾ ലഭിച്ചിരുന്ന ശമ്പളമാണ് ലഭിക്കുന്നത്.

പതിനൊന്ന് വർഷത്തിനിടെ ശമ്പളമോ മറ്റാനുകൂല്യങ്ങളോ വർദ്ധിപ്പിച്ചിട്ടില്ല. ഇവർ വിരമിയ്ക്കുന്ന മുറയ്ക്ക് തൊഴിലാളികളും ഇല്ലാതാകും.

'' പാർവ്വതി മിൽ ടെക്സ്റ്റയിൽസ് പാർക്ക് ആരംഭിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.''

വി. രാജേന്ദ്രബാബു (മേയർ)