തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പക തൊഴിലാളികളോട് തീർക്കുന്നു
കൊല്ലം: കശുഅണ്ടി വ്യവസായത്തിലെ ഏകപക്ഷീയ ബോണസ് തീരുമാനം തൊഴിലാളികളോടും ജീവനക്കാരോടുമുള്ള വഞ്ചനയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യു.ഡി.എഫ് സർക്കാരിന്റെ അവസാന വർഷത്തെ പ്രതിസന്ധി ഘട്ടത്തിൽ പോലും 20 ശതമാനം ബോണസും രണ്ടര ശതമാനം എക്‌സ് ഗ്രേഷ്യയും അനുവദിച്ചിരുന്നു. ഈ സർക്കാർ കഴിഞ്ഞ മൂന്ന് വർഷവും ബോണസ് കരാർ ഉണ്ടാക്കിയില്ല. ഭരണകക്ഷി യൂണിയനുകളുമായി ചേർന്ന് ഇത്തവണ ഉണ്ടാക്കിയ കരാർ പ്രകാരം ബോണസിൽ രണ്ട് ശതമാനം കുറവുണ്ടായി. ബോണസ് കുറയ്‌ക്കുന്നത് ഇതാദ്യമാണ്. സ്റ്റാഫിന് ലഭിച്ചുകൊണ്ടിരുന്ന ബോണസിൽ 12 ദിവസത്തെ വേതനം വെട്ടിക്കുറച്ചു. അടഞ്ഞ് കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന 2000 രൂപ കൂടാതെയുള്ള 10 കിലോ അരി ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരജായപ്പെട്ടതിന് കശുഅണ്ടി തൊഴിലാളികളോട് സർക്കാർ പക തീർക്കുകയാണ്.
നിയമ ലംഘനവും നീതി നിഷേധവും
കോർപ്പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്ടറികളിൽ ഡി.എ വെട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ നിഷേധം തുടരുകയാണ്. പ്രതിദിന ഡി.എ 39.18 രൂപയുള്ളപ്പോൾ 10.15 രൂപയാണ് പല സ്വകാര്യ ഫാക്ടറികളിലും നൽകുന്നത്. മിനിമം കൂലി, ഡി.എ, പി.എഫ്, ഇ.എസ്.ഐ, അവധി ശമ്പളം എന്നിവയെല്ലാം നിഷേധിക്കുന്നു. വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലാണ് ഇതെല്ലാം നടക്കുന്നത്.
കാഷ്യു ബോർഡ് അഴിമതി അന്വേഷിക്കണം
ഇടനിലക്കാരെ ഒഴിവാക്കി കശുഅണ്ടി ഉൽപ്പാദക രാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി വാങ്ങി കാഷ്യു കോർപ്പറേഷനും കാപ്പക്‌സിനും സ്വകാര്യ ഫാക്‌ടറികൾക്കും നൽകാനായി ആരംഭിച്ച കാഷ്യു ബോർഡ് വെള്ളാനയായി മാറി. ഇതുവരെ തോട്ടണ്ടി നേരിട്ട് വാങ്ങിയിട്ടില്ല. ഇടനിലക്കാരിൽ നിന്ന് തോട്ടണ്ടി വാങ്ങി കൂടിയ വിലയ്ക്ക് കോർപറേഷനും കാപ്പക്‌സിനും നൽകി അവരെ നഷ്‌ടത്തിലാക്കുകയാണ്. ഇ ടെണ്ടർ പോലുമില്ലാതെ നടത്തുന്ന തോട്ടണ്ടി കച്ചവടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം.
സ്വകാര്യ ഫാക്ടറികൾ തുറപ്പിക്കാൻ ശ്രമിക്കും
സ്വകാര്യ ഫാക്ടറികൾ തുറപ്പിക്കാൻ യു.ഡി.എഫ് ശ്രമം തുടരുകയാണ്. ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാമെന്ന ധാരണയിലേക്ക് പല ഉടമകളും എത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.