supplyco
കൊ​ല്ലം ക​ന്റോൺ​മെ​ന്റ് മൈ​താ​നി​യിൽ ന​ട​ക്കു​ന്ന സ​പ്ളൈകോ ഓ​ണം വി​പ​ണ​ന​മേ​ള

കൊല്ലം: ഓണത്തോടനുബന്ധിച്ച് അവശ്യ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വൻ ജനതിരക്ക്. രാവിലെ ആരംഭിക്കുന്ന തിരക്ക് രാത്രി വരെ തുടരുകയാണ്.

കൊല്ലം എഫ്.സി.ഐയ്‌ക്ക് സമീപം സിവിൽ സപ്ളൈസ് ഗോഡൗൺ വളപ്പിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിലെ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. ആവശ്യക്കാർക്ക് ഇഷ്ടമുള്ള സാധനങ്ങൾ തിരഞ്ഞെടുത്ത ശേഷം കൗണ്ടറിൽ ബിൽ തുക അടയ്ക്കാവുന്ന സംവിധാനമാണ് ഇവിടെ. തിരക്കേറുന്നതിനാൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സാധനങ്ങൾ വാങ്ങി പോകാൻ കഴിയുന്നില്ല.

 തേൻ ഇഞ്ചി മുതൽ വസ്ത്രങ്ങൾ വരെ

സജ്ജമാക്കി ഓണം ഫെയർ

കന്റോൺമെന്റ് മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറിൽ തിരക്ക് താരതമ്യേന കുറവാണ്. വിലക്കുറവിന്റെ വിരുന്നൊരുക്കുന്ന മേളയിൽ 25 രൂപയ്‌ക്ക് ജയ അരിയും 21 രൂപയ്‌ക്ക് പഞ്ചസാരയും അടക്കം ഓണാഘോഷത്തിന് ആവശ്യമായതെല്ലാം ലഭ്യമാണ്. ഗുണമേന്മയുള്ള മൂന്നാറിലെ പച്ചക്കറികൾ, നാടൻ വാഴപ്പഴം, കുടുംബശ്രീ ഉത്പന്നങ്ങൾ തുടങ്ങിയവ മേളയെ ആകർഷകമാക്കുന്നു.

തേൻ ഇഞ്ചിയാണ് ഫെയറിലെ താരം. കണ്ഠശുദ്ധിക്കും തൊണ്ടവേദനയ്ക്കും ഫലപ്രദമായ തേൻ ഇഞ്ചി ബോട്ടിലിന് 150 രൂപയാണ് വില. അരിഞ്ഞുണക്കിയെടുത്ത ഇഞ്ചി ആറുമാസം തേനിലിട്ട് തയ്യാറാക്കുന്ന തേൻ ഇഞ്ചി കൂടാതെ തേൻ വെളുത്തുള്ളി, തേൻമഞ്ഞൾ, തേൻ നെല്ലിക്ക തുടങ്ങിയ വൈവിധ്യങ്ങളും ഇവിടെയുണ്ട്. ശുദ്ധമായ തേനിന് കിലോയ്ക്ക് 300 രൂപയാണ് വില.

വിവിധ വർണങ്ങളിലുള്ള ചണസഞ്ചികൾ, 200 രൂപയ്ക്ക് ചുരിദാർടോപ്പ്, 350 രൂപയ്ക്ക് ഗൗണും ഉൾപ്പെടെയുള്ളവയും മേളയിൽ ലഭ്യമാണ്. ഹോട്ടികോർപ്പ്,​ കുടുംബശ്രീ,​ മിൽമ എന്നിവയുടെ സ്റ്റാളുകളിൽ നിന്ന് സബ്സിഡിയോടെ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് സമയം. ഫെയറിലെത്തുന്നവർ സാധനങ്ങൾ വാങ്ങി കൗണ്ടറിൽ ബില്ലടിച്ച് പണം അടയ്‌ക്കാം. മൂന്ന് കൗണ്ടറുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ കൗണ്ടറുകൾ സജ്ജീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ജില്ലാ ഓണം മെഗാ ഫെയറിന് പുറമെ താലൂക്ക് - നിയോജക മണ്ഡലം തലത്തിലും ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. ഫെയറുകൾ 10ന് അവസാനിക്കും.