പി.എസ്.സി ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം: സംസ്ഥാന സർക്കാരിന്റെ വീഴ്‌ചകളുടെ കുറ്റപത്രം നിരത്തി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചിന്നക്കട ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ 12 മണിക്കൂർ ധർണ നടത്തി. പി.എസ്.സി പരീക്ഷാ തട്ടിപ്പ്, അഴിമതി, പ്രളയകാല വീഴ്‌ചകൾ തുടങ്ങിയ കാരണങ്ങൾ നിരത്തി രാവിലെ 8 ന് ആരംഭിച്ച ധർണ രാത്രി 8നാണ് സമാപിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു.
പി.എസ്.സിയുടെ വിശ്വാസ്യത ഇത്രയേറെ നഷ്ടപ്പെട്ട ഒരു സ്ഥിതിവിശേഷം മുമ്പ് കേരളത്തിലുണ്ടായിട്ടില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത് പഠിച്ച് മികവോടെ പാസ്സാകുന്ന റാങ്കുകാരെ ഒഴിവാക്കി ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘം ഭരണത്തണലിൽ കമ്മിഷനിൽ പിടിമുറുക്കുന്ന സാഹചര്യം നാടിന് അപമാനമാണ്. കമ്മിഷൻ നടത്തിയിട്ടുള്ള പരീക്ഷകളും നിയമനങ്ങളുംസ്വതന്ത്റ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി പ്രഖ്യാപിക്കുമ്പോൾ മൗനം പലിക്കുന്ന മുഖ്യമന്ത്റി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് ഇതിനെക്കുറിച്ച് പറയുമ്പോൾ രാഷ്ട്രീയപ്രേരിതമെന്നാരോപിക്കുന്നത് വിരോധാഭാസമാണ്. പി.എസ്.സിയിലെ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
പ്രളയകാലത്ത് ദുരിതം നേരിട്ടവർക്ക് പ്രാഥമിക സഹായങ്ങൾ പോലും എത്തിച്ച് നൽകാൻ സർക്കാരിനായില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ സ്വന്തം താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പോസ്റ്റർ ഒട്ടിക്കുന്നവരെയും വാട്ട്സ് ആപ്പിൽ പോസ്റ്റിടുന്നവരെയും അറസ്റ്റ് ചെയ്യുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, ജി. പ്രതാപവർമ്മ തമ്പാൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.തോമസ്, എ.യൂനുസ് കുഞ്ഞ്, വാക്കനാട് രാധാകൃഷ്‌ണൻ, വി. റാം മോഹൻ, എം.അൻസറുദ്ദീൻ, അറയ്‌ക്കൽ ബാലകൃഷ്‌ണപിള്ള, കല്ലട ഫ്രാൻസിസ്, സൂരജ് രവി തുടങ്ങിയവർ പ്രസംഗിച്ചു.