ഓച്ചിറ: 66 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച തഴവ കുതിരപ്പന്തി പോസ്റ്റ് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത് വെള്ളവും വെളിച്ചവുമില്ലാത്ത ഒരു കുടുസുമുറിയിൽ. പോസ്റ്റ് ഒാഫീസിന് കെട്ടിടം നിർമ്മിക്കുന്നതിനായി തഴവ പഞ്ചായത്ത് 3 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിട നിർമ്മാണത്തിനായി പോസ്റ്റൽ വകുപ്പിന് പ്രത്യേക ഫണ്ടില്ലാത്തതാണ് പ്രശ്നം. കുതിരപ്പന്തിയെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വേർതിരിച്ചു നിറുത്തിയിരുന്ന പ്രധാന അടയാളങ്ങളായിരുന്നു കുതിരപ്പന്തി മാർക്കറ്റും എൽ.പി സ്കൂളും പോസ്റ്റ് ഓഫീസും. തഴവയിലെ തഴപ്പായ വ്യവസായത്തിന്റെ പ്രധാന കച്ചവട കേന്ദ്രം കുതിരപ്പന്തി മാർക്കറ്റ് ആയിരുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആഴ്ചച്ചന്തകളും ഉപ്പ് മുതൽ കർപ്പൂരം വരെ ലഭിക്കുന്ന ദിവസ വ്യാപാരവും ഉണ്ടായിരുന്ന കുതിരപ്പന്തിച്ചന്ത ഇന്ന് ഒാർമ്മയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കുതിരപ്പന്തി ഗവ. എൽ.പി.എസ് നാട്ടുകാരുടെ ശ്രമഫലമായി കരുനാഗപ്പള്ളി താലൂക്കിലെ തന്നെ പ്രധാന സ്കൂളുകളിലൊന്നായി മാറിയിരിക്കുകയാണ്.
1966ൽ പ്രവർത്തനം ആരംഭിച്ചു
1966ൽ ആരംഭിച്ച പോസ്റ്റ് ഓഫീസ് മാർക്കറ്റിനോടു ചേർന്ന കടമുറിയിലാണ് ആദ്യം ആരംഭിച്ചത്. പിന്നീട് മെത്തപ്പാ സഹകരണസംഘത്തിന്റെ കെട്ടിടത്തിലായി പ്രവർത്തനം. സഹകരണസംഘം ജപ്തി ചെയ്യപ്പെട്ടപ്പോഴാണ് മറ്റു മാർഗമില്ലാതെ ഇന്ന് കാണുന്ന വെള്ളവും വെളിച്ചവുമില്ലാത്ത കുടുസുമുറിയിലേക്ക് പ്രവർത്തനം മാറ്റിയത്.
തഴവ ഗ്രാമ പഞ്ചായത്തിലെ 1, 2, 21, 22 വാർഡുകളിലായി 5000ൽ അധികം ആളുകളാണ് പോസ്റ്റ് ഒാഫീസിനെ ആശ്രയിക്കുന്നത്
പോസ്റ്റ്മാസ്റ്റർ: 1
പോസ്റ്റ് വുമൺ:1
3 സെന്റ് സ്ഥലമാണ് പോസ്റ്റ് ഒാഫീസിന് കെട്ടിടം നിർമ്മിക്കുന്നതിനായി തഴവ പഞ്ചായത്ത് അനുവദിച്ചത്
ഏതെങ്കിലും ജനപ്രതിനിധികൾ കെട്ടിട നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചെങ്കിൽ മാത്രമേ കുതിരപ്പന്തി നിവാസികളുടെ ചിരകാലസ്വപ്നം പൂവണിയുകയുള്ളൂ. പോസ്റ്റ് ഒാഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എം.പിക്ക് നിവേദനം നൽകിയിട്ടുണ്ട്.
സലിം അമ്പീത്തറ, ഗ്രാമ പഞ്ചായത്തംഗം