കൊല്ലം: പള്ളിമൺ എം.വി. ദേവൻ കലാഗ്രാമത്തിന്റെ പ്രഥമ 'അതിവിശിഷ്ട കലാചാര്യ' ബഹുമതി ആർട്ടിസ്റ്റ് നമ്പൂതിരിക്ക് സമർപ്പിച്ചു. മലപ്പുറം എടപ്പാളിലെ അദ്ദേഹത്തിന്റെ വസതിയായ കരുവാറ്റ മനയിലെത്തി കലാഗ്രാമം പ്രവർത്തകർ നേരിട്ട് സമ്മാനിക്കുകയായിരുന്നു. സുഹ്യത്തും സഹപ്രവർത്തകനുമായിരുന്ന എം.വി. ദേവന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രശസ്തരായ എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് വരകളിലൂടെ ജീവൻ നൽകിയ കലാകാരനാണ് നമ്പൂതിരി. സംസ്ഥാന സർക്കാരിന്റെ രാജാരവിവർമ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കൊല്ലം ടി.കെ സ്മാരകത്തിലെ (നെഹ്റു പാർക്ക്) പ്രശസ്തമായ ചുവർ ശില്പങ്ങളും ആർട്ടിസ്റ്റ് നമ്പൂതിരിയുടേതാണ്.
ദേവൻ കലാഗ്രാമത്തിന്റെ പ്രസിഡന്റ് ആർട്ടിസ്റ്റ് ദീപക് മയ്യനാട്, സെക്രട്ടറി ആർട്ടിസ്റ്റ് വേണു കോതേരിൽ, ആർട്ടിസ്റ്റ് സജിത് റെമഡി എന്നിവരും ശില്പി ശരത് മുളങ്കാടവും ചടങ്ങിൽ സംബന്ധിച്ചു.