വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനം
ജില്ലയിൽ 150 ലേറെ കേന്ദ്രങ്ങളിൽ ഗണേശോത്സവ പൂജകൾ നടത്തി
കൊല്ലം: ഗണേശ സ്‌തുതികൾ അലയടിച്ച സന്ധ്യയിൽ കൊല്ലം ബീച്ചിലെ തിരമാലകൾ ഗണേശ വിഗ്രഹങ്ങളെ ഏറ്റുവാങ്ങി. ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഘോഷയാത്രയായി എത്തിച്ച ഗണപതി വിഗ്രഹങ്ങളാണ് ഇന്നലെ സന്ധ്യയോടെ നിമജ്ജനം ചെയ്‌തത്. ജില്ലയിലെ 150 ലേറെ കേന്ദ്രങ്ങളിൽ ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 30ന് ഗണേശോത്സവ പൂജകൾ തുടങ്ങിയിരുന്നു.
ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടിഗണപതി, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോദരൻ തുടങ്ങി എട്ട് അവതാര രൂപത്തിലുമുള്ള ഗണേശ വിഗ്രഹങ്ങളാണ് പൂജിച്ചത്. വിവിധ കേന്ദ്രങ്ങളിൽ പൂജിച്ചിരുന്ന ഗണേശ വിഗ്രഹങ്ങൾ ചെറുഘോഷയാത്രകളായി വൈകുന്നേരത്തോടെ ആശ്രാമത്ത് എത്തിച്ചു. തുടർന്ന് മുനീശ്വരൻ കോവിലിന് മുൻപിൽ നിന്ന് ഗണേശ സ്‌തുതികളോടെ കൊല്ലം ബീച്ചിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര ആരംഭിച്ചു. ഗണേശോത്സവ ട്രസ്റ്റിന്റെ ഭാരവാഹികളും നൂറ് കണക്കിന് വിശ്വാസികളും ഘോഷയാത്രകളിലും ഗണേശ വിഗ്രഹ നിമജ്ജനത്തിലും പങ്കാളികളായി.