പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്തംബർ 6ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും
ഓടനാവട്ടം: 34 വർഷങ്ങളായി വാടകക്കെട്ടിടത്തിലും പഞ്ചായത്ത് കെട്ടിടത്തിലുമായി പ്രവർത്തിച്ചിരുന്ന ഓടനാവട്ടം വില്ലേജ് ഒാഫീസിന് പുതിയ കെട്ടിടമായി. 1985ൽ പി.ജെ. ജോസഫ് റവന്യൂ മന്ത്രിയായിരിക്കേ അനുവദിച്ച ഓടനാവട്ടം വില്ലേജ് ഒാഫീസിൽ വില്ലേജ് ഒാഫീസറും അഞ്ച് ജീവനക്കാരുമാണുള്ളത്. തുടക്കത്തിലുണ്ടായിരുന്ന അതേ സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇപ്പോഴും തുടരുന്നത്. പത്ത് വാർഡുകൾ ഉൾപ്പെടുന്ന ഈ വില്ലേജിൽ 5000ൽ അധികം വീടുകളുണ്ടായിട്ടും അഞ്ച് ജീവനക്കാരും ഒരു വില്ലേജ് ഒാഫീസറും മാത്രമേയുള്ളൂവെന്നാണ് നാട്ടുകാരുടെ പരാതി. ഓടനാവട്ടം വില്ലേജ് ഒാഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്തംബർ 6ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും.
വെളിയം ഗ്രാമ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഒാഫീസ്, കൃഷിഭവൻ, സർക്കാർ ഹോമിയോ ആശുപത്രി എന്നിവ ഒരു കുടക്കീഴിൽ പ്രവർത്തിച്ചു വരുകയായിരുന്നു. അതിൽ നിന്ന് വില്ലേജ് ഒാഫീസിനെ മാറ്റി സ്ഥാപിക്കുന്നതിൽ പ്രതിഷേധമുണ്ട്. 23 ലക്ഷം രൂപ അടങ്കൽ തുകയ്ക്കാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് കരാറുകാരൻ പറയുന്നു. ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഓഫീസിനാവശ്യമായ സൗകര്യങ്ങളും വാഹനപാർക്കിംഗിനുള്ള ക്രമീകരണവും സജ്ജമാക്കേണ്ടതുണ്ട്. എതിരംകോട്ട് സർപ്പക്കാവിനോട് ചേർന്നാണ് പുതിയ വില്ലേജ് ഒാഫീസ് കെട്ടിടം.