കൊല്ലം: ഇന്ത്യൻ മഹത്വം ലോകസമൂഹത്തിലേക്ക് എത്തിച്ച സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദനെന്നും അദ്ദേഹത്തിന്റെ ദർശനങ്ങൾക്കും വീക്ഷണങ്ങൾക്കും പ്രസക്തിയേറി വരുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വിവേകാനന്ദ സാംസ്കാരിക വേദിയുടെ വിവേകാനന്ദ പുരസ്കാരദാനച്ചടങ്ങ് പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വിവേകാനന്ദ സാംസ്കാരിക വേദിയുടെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റുമായ നെടുങ്ങോലം രഘു എം.പിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച മാനേജ്മെന്റ് സഹകാരി പുരസ്കാരം ടി. വിജയകുമാറും അച്ചീവ്മെന്റ് പുരസ്കാരം കിരൺ രാമചന്ദ്രനും വിദ്യാരത്ന പുരസ്കാരം പുന്തലത്താഴം എസ്.എം.ഡി പബ്ലിക് സ്കൂളും ജ്യോതിഷരത്ന പുരസ്കാരം കെ. രഘു ജ്യോതിഷനും ഏറ്റുവാങ്ങി. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് നെടുങ്ങോലം രഘു ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, മങ്ങാട് സുബിൻ നാരായൺ, വെങ്കിട്ടരമണൻ പോറ്റി, മണി കെ. ചെന്താപ്പൂര് എന്നിവർ സംസാരിച്ചു. വേദി പ്രസിഡന്റ് ആർ. ശശികുമാർ സ്വാഗതവും ഭാസ്കരൻ ഉണ്ണി നന്ദിയും പറഞ്ഞു.