ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് മീനാട് കിഴക്കുംകര പതിനാറാം വാർഡിലെ എ.ഡി.എസ് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഷിക ആഘോഷങ്ങൾ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ എ. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചു കുട്ടികളുടെ കലാപരിപാടികളോടെയായിരുന്നു ആഘോഷത്തിന് തുടക്കമിട്ടത്. തുടർന്ന് നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദന ഫലകവും ക്യാഷ് അവാർഡും നൽകി. ജെ.എൽ.ജി കർഷക ഗ്രൂപ്പുകളെ ചടങ്ങിൽ ആദരിച്ചു. എ.ഡി.എസ്
പ്രസിഡന്റ് ഷിജില, സെക്രട്ടറി സുജിത, ബ്ലോക്ക് മെമ്പർ ഗിരികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി സജി തോമസ്, സരിത, അലീന തുടങ്ങിയവർ സംസാരിച്ചു.