ശാസ്താംകോട്ട: മഴ മാറിയിട്ടും വെള്ളം ഇറങ്ങാത്തതിനാൽ സ്വന്തം വീടുകളിൽ താമസിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് പള്ളിക്കലാറിന്റെ തീരത്തുള്ളവർ. തൊടിയൂർ പാലത്തിനോടു ചേർന്നുള്ള ഭാഗങ്ങളിൽ ഇപ്പോഴും വീടുകൾ വെള്ളക്കെട്ടിനു നടുവിലാണ്. തൊടിയൂർ - കണിയാൻ കടവ് ബണ്ട് നിർമ്മാണവും അതോടൊപ്പം ചെക്ക് ഡാം നിർമ്മിച്ചതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുപ്പത് മീറ്റർ വീതിയിലൊഴുകിയിരുന്ന പള്ളിക്കലാറിൽ അശാസ്ത്രീയമായി ബണ്ട് നിർമ്മിച്ചതോടെ പള്ളിക്കലാറിന്റെ വീതി കുറയുകയായിരുന്നു. ചെക്ക് ഡാം നിർമ്മിച്ചതോടെ വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞു. ഇതോടെയാണ് വെള്ളം കര കവിഞ്ഞൊഴുകാൻ തുടങ്ങിയതും പള്ളിക്കലാറിന്റെ തീരത്തുള്ള വീടുകൾ വെള്ളക്കെട്ടിലായതും.
വ്യാപക കൃഷി നാശം
മഴ ശക്തമാകുന്നതോടെ തൊടിയൂർ പള്ളിക്കലാറിന്റെ തീരത്തുള്ള ചുരളി, മണപ്പള്ളി, കുട്ടത്ത്, കയ്യഴി, പേരക്കൽ തുടങ്ങിയ 325 ഏക്കറോളം ഏലായിലെ കൃഷി വെള്ളത്തിനടിയിലായി. ശാസ്ത്രീയ പഠനങ്ങളില്ലാതെയുള്ള തടയണ നിർമ്മാണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ജലസേചന വകുപ്പിലെ മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കോടികൾ ചെലവഴിച്ചുള്ള തടയണ നിർമ്മാണം നടന്നത്.