ഇതിനായി 7 കോടി രൂപ സർക്കാർ അനുവദിച്ചു
കൊല്ലം: പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപയും പത്ത് കിലോ അരിയും ഓണം സമാശ്വാസമായി സർക്കാർ നൽകും. ഇതിനായി 7 കോടി രൂപ മാറ്റിവച്ചു. കഴിഞ്ഞ ഓണത്തിന് ശേഷം ഒരു വർഷമായി അടഞ്ഞ് കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. തുക അർഹരായ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5 മുതൽ എത്തി തുടങ്ങും. 10 കിലോ അരിയുടെ കൂപ്പണുകൾ വിവിധ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. ഈ കൂപ്പണുകൾ ഉപയോഗിച്ച് കൺസ്യൂമർഫെഡിന്റെ വിവിധ ഓണചന്തകളിൽ നിന്ന് സൗജന്യമായി അരി വാങ്ങാം. കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തൊഴിലാളികൾക്ക് വിതരണ കേന്ദ്രങ്ങളെക്കുറിച്ച് അറിയാനാകും. കശുഅണ്ടി വികസന കോർപറേഷന്റെ അയത്തിൽ ഫാക്ടറിയിൽ 5ന് രാവിലെ 10ന് അരി വിതരണത്തിന്റെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിക്കും. കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കരിങ്ങന്നൂർ മുരളി പങ്കെടുക്കും.