c

കുണ്ടറ: കടകളിൽ നിന്ന് ഉടമയെ കബളിപ്പിച്ച് പണവുമായി രക്ഷപ്പെടുന്ന ഇറാൻ സ്വദേശികളായ ദമ്പതികളെ കുണ്ടറ പൊലിസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ഇന്ന് തട്ടിപ്പ് നടത്തിയ കടളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പൂയപ്പള്ളി, കൊല്ലം വെസ്റ്റ്, കുണ്ടറ, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. തങ്കശേരിയിലെ ഒരു ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. ഹോട്ടലിലും തെളിവെടുക്കും. ആമിറിന് ഇംഗ്ലീഷ് ഭാഷ വശമാണെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല. പേർഷ്യൻ ഭാഷ അറിയാവുന്ന ദ്വിഭാഷിയുടെ സഹായത്തോടെ ഇരുവരെയും പൊലിസ് ചോദ്യംചെയ്യും. ഇവരുടെ സംഘത്തിൽ രണ്ട് ദമ്പതികൾ കൂടിയുണ്ട്. ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഡൽഹി രജിസ്‌ട്രേഷൻ കാറിൽ വ്യാപാരസ്ഥാപനങ്ങളിലെത്തി ചെറിയ വിലയ്ക്കുള്ള എന്തെങ്കിലും വാങ്ങിയിട്ട് കടയുടമയുമായി പരിചയം സ്ഥാപിച്ചാണ് തട്ടിപ്പ്. ഇടപാടിനായി വാങ്ങിക്കൂട്ടിയ ചെറിയ ടൂത്ത് പേസ്റ്റുകളും തുണിക്കടകളിൽ നിന്ന് വാങ്ങിയ നിരവധി കുഞ്ഞുടുപ്പുകളും കണ്ടെടുത്തു. ഇന്ത്യൻ കറൻസി കൈവശമില്ലെന്നും കാണിക്കണമെന്നും ആവശ്യപ്പെടും. 2000 രൂപാനോട്ടുകളാണ് ആവശ്യപ്പെടുന്നത്.പണം വാങ്ങിയശേഷം ഓടി രക്ഷപ്പെടുകയാണ് പതിവ്. ഞായറാഴ്ച ചന്ദനത്തോപ്പിലെ കടയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം പാളിയതോടെയാണ് പിടിയിലായത്. കടയുടമയും നാട്ടുകാരും തടഞ്ഞുവച്ച് പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു