ബയോ മൈനിംഗ് കരാർ നഗരസഭ റദ്ദാക്കുന്നു
കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ ബയോ മൈനിംഗിനുള്ള കരാർ നഗരസഭ റദ്ദാക്കുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രവൃത്തി ആരംഭിക്കാത്തതിന് പുറമെ മാലിന്യം നീക്കം ചെയ്യാൻ ഹരിത ട്രൈബ്യൂണൽ അനുവദിച്ച കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. 7ന് ചേരുന്ന കൗൺസിൽ യോഗത്തിൽ കരാർ റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
സ്വകാര്യ കമ്പനികൾ തമ്മിൽ അഭിപ്രായ വ്യത്യാസം
ബംഗളൂരു ആസ്ഥാനമായ സൂരജ് ഭൂമി ബയോ ഗ്യാസ് ലിമിറ്റഡ് എന്ന സ്ഥാപനവുമായാണ് നഗരസഭ ബയോ മൈനിംഗിന് കരാറൊപ്പിട്ടിരുന്നത്. പരിസ്ഥിതിക്കും സമീപവാസികൾക്കും ഒരുതരത്തിലുള്ള ദോഷവും ഉണ്ടാകാത്ത തരത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്‌കരിക്കാനായിരുന്നു പദ്ധതി. മാലിന്യത്തിൽ നിന്ന് റബ്ബർ, പ്ലാസ്റ്റിക് എന്നിവ വേർതിരിച്ചെടുത്ത് സംസ്കരിച്ച് പാചകവാതകമായി ഉപയോഗിക്കാവുന്ന മെഥലിന് പുറമെ ഡീസലും ഉത്പാദിപ്പിക്കാൻ സിംഗപ്പൂരിലുള്ള സ്വകാര്യ ഏജൻസിയുമായും സൂരജ് ഭൂമി കരാറിലെത്തിയിരുന്നു. ഇരുസ്ഥാപനങ്ങളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പദ്ധതി ഉപേക്ഷിക്കുന്ന സ്ഥിതി സൃഷ്ടിച്ചത്.
കുമിഞ്ഞുകൂടി മാലിന്യം
ചണ്ടി ഡിപ്പോയിൽ ഏകദേശം 17000 മെട്രിക് ടൺ മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്നാണ് നഗരസഭയുടെ കണക്കെങ്കിലും യഥാർത്ഥത്തിൽ ഇതിന്റെ ഇരട്ടിയോളമുണ്ട്. ആയിരം രൂപയ്ക്ക് ഒരു ടൺ മാലിന്യം സംസ്കരിക്കാനായിരുന്നു കരാർ. ഇത്തരത്തിൽ മാലിന്യം പൂർണമായും സംസ്കരിക്കാൻ നാല് കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മെഥലിന്റെയും ഡീസലിന്റെയും വില്പനയിലൂടെ വൻതുകയാണ് നഗരസഭ വരുമാനമായി പ്രതീക്ഷിച്ചിരുന്നത്.
കുരീപ്പുഴ ചണ്ടി ഡിപ്പോ
പ്രവർത്തനം തുടങ്ങിയത്: 1940ൽ
വിസ്തൃതി: 17 ഏക്കർ
മാലിന്യ പ്ളാന്റ് ഉദ്ഘാടനം: 2010ൽ
2013ൽ മാലിന്യ നിക്ഷേപം നിരോധിച്ചു
കെട്ടിക്കിടക്കുന്നത് :17000 മെട്രിക് ടൺ മാലിന്യം (നഗരസഭയുടെ കണക്ക്)