കൊല്ലം: വീട്ടിലെ ഓണാഘോഷം കഴിയുന്നതോടെ വിനോദസഞ്ചാരത്തിനും ഉല്ലാസവേളകൾക്കുമുള്ള സമയമായി. അവരെ കാത്തിരിക്കുകയാണ് കൊല്ലം. അവർക്കായി കാഴ്ചയുടെ ഉത്സവം ഒരുക്കുകയാണ് കൊല്ലം. അഷ്ടമുടിക്കായലും കൊല്ലം ബീച്ചും തങ്കശേരിയും ഏറെ അകലെ അല്ലാത്ത മൺറോതുരുത്തും അതിഥികളുടെ മനം കുളിർപ്പിക്കും. സർക്കസും മേളകളും ഫാന്റസിയുമൊക്കെയായി ആശ്രാമം മൈതാനവും നഗരത്തിലെ മറ്റു പാർക്കുകളും അവധി ആഘോഷത്തിന്റെ ഇടങ്ങ
ളാണ്.
ബീച്ചിലെ മണൽ പരപ്പിലേക്ക്
കരയെ വാരിപ്പുണരാൻ വരുന്ന തിരമാലകളുടെ കുസൃതിയും കലഹവും സാഗരത്തിന്റെ ഗർജ്ജനവും കണ്ടുംകേട്ടും കൊല്ലം ബീച്ചിലെ മണൽപ്പരപ്പിൽ രാവേറും വരെ ഒത്തുകൂടാം. കൂടുതൽ സൗകര്യങ്ങൾ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. തീരദേശ പാതയിലൂടെ സഞ്ചരിച്ചാൽ അകലെയല്ലാതെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ താന്നി ലക്ഷ്മിപുരം ബീച്ചിലും സമയം ചെലവഴിക്കാം.
തങ്കശേരി വിളക്കുമാടവും തുറമുഖവും
തങ്കശേരി കോട്ടയുടെ അവശേഷിപ്പുകൾക്കിടയിലൂടെ വിളക്കുമാടത്തിലെത്താം. നഗര കാഴ്ചകൾ ഒന്നാകെ ദൃശ്യമാകുന്ന ആകാശത്തിലേക്ക് കയറുന്ന അനുഭവമാണ് ഇവിടെ. ലിഫ്ട് ഉള്ളതിനാൽ പ്രായമായവർക്കും കയറാം. വിളക്കുമാടത്തിലേക്കുള്ള വഴിയിൽ കൊല്ലം തുറമുഖവും മത്സ്യബന്ധന കേന്ദ്രങ്ങളും കണ്ടറിയാം.
അഷ്‌ടമുടിയിലെ ജലകേളീ കേന്ദ്രം
ആശ്രാമത്തെ അഡ്വഞ്ചർ പാർക്കിനോട് ചേർന്നുള്ള ജലകേളീ കേന്ദ്രം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.സാഹസിക ജലകേളികൾ കാണുകയും ആസ്വദിക്കുകയും ചെയ്യാം. ചുരുങ്ങിയ ചെലവിൽ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ ടൂറിസം വകുപ്പാണ് ജലകേളീകേന്ദ്രം ഒരുക്കിയത്.
വഞ്ചിവീട്ടിൽ കറങ്ങാം,
മൺറോതുരുത്തും കാണാം
അഷ്ടമുടികായൽ സവാരിക്ക് വഞ്ചിവീടുകൾ തയ്യാറാണ്. കെ.എസ്.ആർ.ടി.സി സ്റ്രാൻഡിന് സമീപത്ത് നിന്ന് വഞ്ചിവീടുകളിൽ കയറാം. ഇതോടൊപ്പം മൺറോതുരുത്ത് കാണാൻ ടൂറിസം വകുപ്പ് പ്രത്യേക ബോട്ട് സർവീസും ഒരുക്കിയിട്ടുണ്ട്. ഈ പാക്കേജിന്റെ ഭാഗമായി കൊതുമ്പ് വള്ളങ്ങളിൽ മൺറോതുരുത്തിലെ ചെറുതോടുകളിലൂടെ തുഴയെറിയാനും അവസരം ലഭിക്കും.
ആശ്രാമത്തെ മേളകൾ, ഉത്സവങ്ങൾ
ആശ്രാമം മൈതാനം നിറയെ ഓണം മേളകളാണ്. വലിയ ടെന്റുകളിൽ മേളകൾ പൊടിപൊടിക്കുകയാണ്. സർക്കസ്, ചക്ക മഹോത്സവം, നിത്യോപയോഗ സാധനങ്ങളുടെ മേളകൾ, ഫാൻസി -വസ്ത്ര ശാലകൾ തുടങ്ങിയ ഉത്സവ ചേരുവകൾ എല്ലാം ഇവിടെയുണ്ട്.