tra

കൊല്ലം: കൊല്ലം -പുനലൂർ- ചെങ്കോട്ട റയിൽപ്പാത വൈദ്യുതീകരിക്കുന്നതിന്റെ ആദ്യഘട്ടമായി കൊല്ലം മുതൽ പുനലൂർ വരെയുള്ള പ്രവൃത്തികൾ 2020 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽജെയിൻ ഉറപ്പ് നൽകി. തിരുച്ചിറപ്പളളി റെയിൽവേ ആസ്ഥാനത്ത് ചേർന്ന മധുര, തിരുച്ചിറപ്പള്ളി റെയിൽവെ ഡിവിഷൻ പരിധിയിലെ പാർലമെന്റ് അംഗങ്ങളുടെ യോഗത്തിലാണ് ജനറൽ മാനേജരുടെ ഉറപ്പ്.

പുനലൂർ-ചെങ്കോട്ട റീച്ചിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ഓപ്പറേറ്റിംഗ് മാനേജർ അനന്തരാമൻ ഉറപ്പു നൽകി. കൊല്ലത്ത് നിന്ന് പുനലൂർ വരെയുള്ള ആറ് പ്രതിദിന ട്രെയിനുകളും, മധുര തിരുനൽവേലി എന്നിവിടങ്ങളിൽ നിന്ന് ചെങ്കോട്ടവരെയുള്ള ഏഴ് പാസഞ്ചറുകളും യോജിപ്പിച്ച് പ്രയോജനപ്പെടുത്തണമെന്ന നിർദ്ദേശം പരിഗണിക്കും.
എറണാകുളം- വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ പ്രതിദിന റഗുലർ സർവീസാക്കാമെന്നും മധുര പാസഞ്ചർ, കൊല്ലം -പുനലൂർ പാസഞ്ചർ എന്നിവയുടെ സമയക്രമം പുനക്രമീകരിക്കാമെന്നും ഉറപ്പ് ലഭിച്ചു. യോഗത്തിൽ എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ കൂടാതെ ദക്ഷിണ റെയിൽവേ അഡിഷണൽ ജനറൽ മാനേജർ പി.കെ. മിശ്ര, പ്രിൻസിപ്പൽ ചീഫ് ഓപ്പറേറ്റിംഗ് മാനേജർ എസ്. അനന്തരാമൻ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ പ്രിയംവദ വിശ്വനാഥൻ, മധുര ഡി.ആർ.എം തുടങ്ങിയവർ പങ്കെടുത്തു.

 കുണ്ടറ പള്ളിമുക്ക് മേൽപ്പാലം:

സ്ഥലമേറ്റെടുക്കണം

കുണ്ടറ പളളിമുക്ക് മേൽപ്പാലത്തിന്റെ രൂപകല്പന 2017 ഡിസംബറിൽ തന്നെ റെയിൽവേ അംഗീകരിച്ചെങ്കിലും അനുബന്ധ റോഡിനാവശ്യമായ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കാത്തതിനാലാണ് പദ്ധതി നീളുന്നതെന്ന് അധികൃതർ പറഞ്ഞു.

 ടൂറിസ്റ്റുകൾക്ക് വിസ്റ്റാഡോം കോച്ച്

ചെങ്കോട്ട -കൊല്ലം റൂട്ടിലേക്ക് വിസ്റ്റാഡോം കോച്ച് റെയിൽവെ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇവയുടെ അടിഭാഗം ഒഴികെ മറ്റെല്ലാ വശങ്ങളും ഗ്ലാസ് നിർമ്മിതമാണ്. ഇതിൽ സഞ്ചരിച്ച് പ്രകൃതിഭംഗി ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെത്തും.

 യോഗത്തിലെ മറ്റ് ഉറപ്പുകൾ

പുനലൂർ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
കഴുതുരുട്ടിയിലെ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണം ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തും.

കുണ്ടറയിൽ അഞ്ചും കിളികൊല്ലൂർ ചന്ദനത്തോപ്പ് സ്റ്റേഷനുകളിൽ മൂന്നിടത്തും പ്ലാറ്റ്‌ഫോം ഷെൽട്ടർ നിർമ്മിക്കും.

കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർ ബ്രിഡ്ജ്.

 കുടിയൊഴിപ്പിക്കൽ

തടയണം: പ്രേമചന്ദ്രൻ

ജില്ലയുടെ കിഴക്കൻ മേഖലയിൽ റെയിൽവേ ലൈനിനരികിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടി നിർത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഒഴിപ്പിക്കാതിരിക്കാനുള്ള വിശദീകരണം നൽകാൻ തിരുവോണദിനമായ ഈ മാസം 12ന് മധുരയിൽ ഹാജരാകണമെന്ന നോട്ടീസ് പിൻവലിക്കണം. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കാൻ ജനറൽ മാനേജർ മധുര ഡി.ആർ.എമ്മിനെ ചുമതലപ്പെടുത്തി.