dam
തെന്മല പരപ്പാർ അണക്കെട്ട്

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 11മുതൽ ഘട്ടംഘട്ടമായാണ് ഷട്ടറുകൾ തുറക്കുക. ആദ്യം അഞ്ച് സെന്റീമീറ്റർ ഉയരത്തിൽ തുറക്കുന്ന ഷട്ടർ വെള്ളത്തിൻെറ തോത് കണക്കിലെടുത്ത് ഒരു അടിവരെ ഉയർത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് അണക്കെട്ടിൻെറ പോഷക നദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതാണ് അണക്കെട്ടിലെ ജലനിരപ്പിലും പ്രതിഫലിച്ചത്. ഇതോടെയാണ് മുൻകരുതൽ എന്ന നിലയിൽ ഷട്ടറുകൾ ഉയർത്തുന്നത്.

വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ 115.82 മീറ്റർ പൂർണ്ണ സംഭരണ ശേഷിയുളള അണക്കെട്ടിൽ ഇന്നലെ 112.02 മീറ്റർ ജല നിരപ്പാണ് രേഖപ്പെടുത്തിയത്.

അണക്കെട്ടിനോട് ചേർന്ന പവർഹൗസ് വഴി ഒന്നിടവിട്ട ദിവസങ്ങളിൽ വൈദ്യുതി ഉൽപ്പാദനവും പൂർണ്ണതോതിൽ ആക്കിയിട്ടുണ്ട്. അണക്കെട്ടിലെ ജല നിരപ്പ് ക്രമീകരിക്കാൻ കഴിഞ്ഞ ആഴ്ചയിൽ 28 മണിക്കൂർ തുടർച്ചയായി ഒരു ജനറേറ്റർ വഴി വൈദ്യുതി ഉൽപ്പാദിപ്പ ശേഷം വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴയാണ് വൃഷ്ടിപ്രദേശത്ത് ലഭിക്കുന്നത്.

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ അണക്കെട്ട് നിറഞ്ഞൊഴുകിയിരുന്നു. അന്ന് മൂന്ന് ഷട്ടറുകളും എട്ടടി വരെ ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി. ഇതുകാരണം പുനലൂർ ടൗൺ അടക്കമുളള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറി വ്യാപക നാശം സംഭവിച്ചു. ഇത് കണക്കിലെടുത്താണ് ഘട്ടംഘട്ടമായി ഷട്ടറുകൾ ഉയർത്തുന്നത്.

ഷട്ടറുകൾ ഉയർത്തുന്നതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുമെന്നും തീരത്തു താമസിക്കുന്നവരും നദിയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.