photo
ഇറാനിയൻ ദമ്പതികളായ ആമിർ കാമ്യാബി , നസറിൻ കാമ്യാർ എന്നിവരെ തട്ടിപ്പ് നടത്തിയ കടയിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ

കുണ്ടറ: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ചന്ദനത്തോപ്പിലെ കടയിൽ എത്തി പണം തട്ടിയെടുത്തതിന് പിടിയിലായ ഇറാനിയൻ ദമ്പതികളുടെ സംഘത്തിലെ മറ്റു നാലുപേർ നേപ്പാൾ വഴി പാകിസ്ഥാനിലേക്ക് കടന്നതായി സൂചന. തട്ടിപ്പ് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും സംശയം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ദമ്പതികളെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ച് ഏഴിന് കേരളം സന്ദർശിച്ച ജർമ്മൻ പൗരത്വമുള്ള ലിസ പിന്നീട് അപ്രത്യക്ഷയായിരുന്നു. ഇവരുടെ തിരോധാനവും ഇറാൻ സ്വദേശികളുടെ പാകിസ്ഥാൻ സന്ദർശനവും ഒരേസമയത്താണ്. ലിസ പാകിസ്ഥാനിലേക്ക് കടന്നിരിക്കാമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ലിസയുടെ തിരോധാനം ഐ.ബി. അന്വേഷിച്ചുവരികയാണ്. ഇറാൻ ദമ്പതികൾ പലവട്ടം പാകിസ്ഥാൻ സന്ദർശിച്ചതായി പൊലീസിന് ലഭിച്ച രേഖകളിൽ വ്യക്തമാണ്. ഇവർക്ക് പാകിസ്ഥാൻ വിസയുണ്ടെന്നും പൊലീസ് പറയുന്നു. യാത്രാരേഖകളും താമസിച്ച സ്ഥലങ്ങളുമാണ് ഇതിനു തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

പിടിയിലായ അമീറിനെയും നസറിനെയും ചന്ദനത്തോപ്പിൽ തട്ടിപ്പുനടത്തിയ യാസിം ട്രേഡേഴ്‌സിലും സമീപത്ത് ഇവർ കയറിയ കടയിലും തുടർന്ന് കൊല്ലത്ത് താമസിച്ചിരുന്ന ലോഡ്ജിലും കൊണ്ടുപോയി തെളിവെടുത്തു.

അമീറിനെയും നസറിനെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇവരെ ആലപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നറിയുന്നു. അവിടെയും തട്ടിപ്പ് കേസുണ്ട്. ഡൽഹി എയർപോർട്ടിൽ വന്നിറങ്ങിയ ഇറാൻ സ്വദേശികൾ അവിടെ നിന്ന് ചെന്നെയിലെത്തിയശേഷമാണ് കേരളത്തിലേക്കുവന്നത്. ഇറാൻ എംബസിയുമായി ബന്ധപ്പെടാൻ പൊലീസ് നടപടി തുടങ്ങി.