കൊട്ടാരക്കര: അക്ഷരങ്ങളെ കൂട്ടുപിടിച്ചാണ് കൊട്ടാരക്കര ബി.സുധർമ്മ ടീച്ചറിന്റെ യാത്ര, അദ്ധ്യാപക വേഷമഴിച്ചുവച്ചിട്ടും അക്ഷരങ്ങളുടെ കൂട്ടുവിടാൻ ഒരുക്കമായിരുന്നില്ല. 35 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഇപ്പോഴും കൊട്ടാരക്കര ചെങ്ങമനാട് ചേത്തടി അർക്ക ഭവനിലെ എഴുത്തുപുരയിൽ സജീവമാണ്. കഥയും കവിതയും നോവലുകളും ബാലസാഹിത്യവും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുമൊക്കെയാണ് പ്രസിദ്ധീകരിച്ചത്.
കൊല്ലം മുഖത്തലയിലെ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന പുരുഷോത്തമന്റെയും ഭാനുമതിയുടെയും മകളാണ് സുധർമ്മ. വായനയോടുള്ള കമ്പം ബാല്യം മുതൽക്കേയുണ്ട്. വായിച്ചതിന്റെ നല്ലൊരു പങ്ക് കുത്തിക്കുറിച്ച് വയ്ക്കും. പക്ഷെ, ഒരിക്കലും എഴുത്തുകാരിയായി അറിയപ്പെടുമെന്ന് സ്വപ്നം കണ്ടിട്ടില്ല.
2002ൽ പ്രഥമാദ്ധ്യാപികയായി വിരമിച്ചു. അന്നുമുതലാണ് എഴുത്തിന്റെ ലോകത്ത് സജീവമായത്. 2004ൽ കാവ്യപൂജാ പുഷ്പങ്ങൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. പിന്നാലെ ഓരോ വർഷവും രണ്ടും മൂന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് ജീവിതവ്രതമായി. വിരമിച്ച സൈനികനായിരുന്ന ഭർത്താവ് ബാലാർക്കൻ നൽകിയ പ്രോത്സാഹനം ചെറുതല്ല. അദ്ദേഹത്തിന്റെ മരണത്തോടെ വീട്ടിൽ ഒതുങ്ങിക്കൂടാൻ തീരുമാനിച്ചെങ്കിലും അക്ഷര ലോകത്തെ കൂട്ടുകാർ നിർബന്ധിച്ച് സാഹിത്യ കൂട്ടായ്മകളിൽ എത്തിച്ചു. കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് പൊതുവേദിയിലും ടീച്ചറുടെ പ്രഭാഷണം. വീട്ടിലെത്തിയാൽ വാർദ്ധക്യത്തിന്റെ അവശതകൾ മറന്നുകൊണ്ട് എഴുത്തുപുരയിൽ കയറും. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ടീച്ചറുടെ എഴുത്തിന്റെ വഴിയിൽ പ്രോത്സാഹനം നൽകുന്നുമുണ്ട്. നിരവധി പുരസ്കാരങ്ങളും തേടിയെത്തി. വിദേശ രാജ്യങ്ങളിലടക്കം സാഹിത്യ കൂട്ടായ്മകളിൽ പങ്കെടുക്കാനും അവസരമൊരുങ്ങി.