കുണ്ടറ: സ്‌കൂൾവിട്ട് വീട്ടിലേക്ക് സഹപാഠികൾക്കൊപ്പം പോവുകയായിരുന്ന അഞ്ചാം ക്ലാസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി. കാഞ്ഞിരകോട് സ്‌കൂളിലെ വിദ്യാർത്ഥി ആദിത്യനാണ് കടിയേറ്റത്. ആൽത്തറമുകൾ കിഴങ്ങുവിള പടിഞ്ഞാറ്റതിൽ ഉല്ലാസിന്റെയും പ്രമീളയുടെയും മകനാണ്.
ബുധനാഴ്ച വൈകിട്ട് നാലോടെ വീട്ടിലേക്കുള്ള വഴിയിൽവച്ചാണ് നായ ആക്രമിച്ചത്. നായ വരുന്നതുകണ്ട് സഹപാഠികൾക്കൊപ്പം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആദിത്യനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുണ്ടറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. അറവുമാലിന്യം തിന്ന് ശീലിച്ച നായകൾ മുതിർന്നവരെപ്പോലും ആക്രമിക്കുകയാണ്. കൂട്ടമായി രാത്രിയിലെത്തുന്ന നായകൾ കോഴികളെയും ആടുകളെയും കൊന്നു തിന്നുന്നതും പതിവായി.റോഡിൽ അറവുശാലമാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെടുന്നു.