sncollege
എസ്.എൻ കോളേജിലെ ഓണാഘോഷത്തിനിടെ ഗേറ്റ് ചാടി കടക്കുന്നവർ

കൊല്ലം: എസ്.എൻ കോളേജിൽ ഓണാഘോഷത്തിനിടെ പുറത്തുനിന്നുള്ള സാമൂഹ്യവിരുദ്ധ സംഘങ്ങൾ കോളേജ് വളപ്പിൽ കടന്നുകയറാൻ നടത്തിയ ശ്രമത്തിനിടെ സംഘർഷം. കോളേജിന് പുറത്തുനിന്നുള്ളവർ കാമ്പസ് വളപ്പിൽ കടക്കാതിരിക്കാൻ കോളേജ് അധികൃതർ പ്രധാനഗേറ്റ് പൂട്ടിയെങ്കിലും ഗേറ്റ് ചാടിക്കടന്നെത്തിയവർ ഗേറ്റിന് കേടുപാടുകൾ വരുത്തി. ഒടുവിൽ പൊലീസിന്റെ സഹായത്തോടെ കോളേജ് അധികൃതർ ഇവരെ പുറത്താക്കുകയായിരുന്നു.

ഇന്നലെ കോളേജിലെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘർഷസാദ്ധ്യത മുന്നിൽകണ്ട് അധികൃതർ പൊലീസിനെ വിവിരം അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കുന്നതിനിടെ പൂക്കാവടിയും ചെണ്ടമേളവും പ്രച്ഛന്ന വേഷവുമായി പ്രൊഫഷണൽ സംഘങ്ങൾ കോളേജിനുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടി. നഗരത്തിൽ നിന്ന് ഘോഷയാത്രയായി എത്തിയവർ ഇതോടെ അകത്തുകയറാനാകാതെ പുറത്തു നിന്ന് ബഹളം വച്ചു. ദേശീയപാതവഴിയുള്ള വാഹനഗതാഗതം ഇതോടെ തടസ്സപ്പെട്ടു. കോളേജ് അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ആദ്യം കാഴ്ചക്കാരായി നിന്നു. ഈ സമയത്താണ് സംഘാംഗങ്ങൾ ഗേറ്റ് ചാടിക്കടന്നത്. ഗേറ്റ് തകർക്കാനുള്ള ശ്രമത്തിനിടെ ഗേറ്റിന് കേടുപാടുകളും സംഭവിച്ചു.

സംഘർഷാവസ്ഥയിലെത്തിയതോടെ അദ്ധ്യാപക‌ർ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലെത്തി പുറത്തുനിന്നെത്തിയവരെ കോളേജിലേക്ക് കയറാൻ അനുവദിച്ചില്ല. വിദ്യാർത്ഥികളെന്ന് പറഞ്ഞവരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് അകത്തേക്ക് കടത്തിവിട്ടു. ചില വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പികൾ കണ്ടെത്തിയതായി കോളേജ് അധിക‌‌ൃതർ പറഞ്ഞു. ബഹളത്തിൽ ഇടപെടാതെ നോക്കിനിന്ന പൊലീസിനോട് കോളേജ് അധികൃതർ പലതവണ അഭ്യർത്ഥിച്ചശേഷമാണ് വളപ്പിനുള്ളിൽ കയറി ബഹളക്കാരെ പുറത്താക്കിയത്. മാസങ്ങൾക്ക് മുമ്പ് കോളേജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിനിടെ പ്രിൻസിപ്പലിനോട് മോശമായി പെരുമാറിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. കോളേജിൽ നേരത്തെ നിരന്തരം പ്രശ്നം സൃഷ്ടിക്കുകയും അദ്ധ്യാപകരെയും പ്രിൻസിപ്പലിനെയും അസഭ്യം പറയുകയും ചെയ്തതിന് നടപടിക്ക് വിധേയരായവർ സാമൂഹ്യവിരുദ്ധ സംഘങ്ങളെ ഇറക്കി ഓണാഘോഷം അലങ്കോലമാക്കാനുള്ള ശ്രമമാണ് ഇന്നലെ നടത്തിയതെന്ന് കോളേജ് അധികൃതർ ആരോപിച്ചു. മാസ് കമ്മ്യൂണിക്കേഷനിലെ മുൻ എസ്.എഫ്.ഐ നേതാവും പുറത്തുനിത്തെത്തിയ സംഘത്തിലുണ്ടായിരുന്നുവത്രെ. ഗേറ്റ് തകർത്തവരുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇതിലുൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കോളേജ് കൗൺസിൽ കൂടി നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു