udayakumar
ഉദയകുമാർ

കൊല്ലം : പള്ളിമൺ സിദ്ധാർത്ഥ ഫൗണ്ടേഷന്റെ എട്ടാമത് സംസ്ഥാന ചിത്രകലാപുരസ്‌കാരത്തിന് ടി. ആർ. ഉദയകുമാർ അർഹനായതായി സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി യു. സുരേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2018-19 ലെ ചിത്രകലാ പുരസ്‌കാരത്തിനായി ലഭിച്ച 400 ഓളം ചിത്രങ്ങളിൽ നിന്ന് ടി. ആർ ഉദയകുമാറിന്റെ പൊള്ളാച്ചി കാഴ്ചകൾ' എന്ന ചിത്രമാണ് തിരഞ്ഞെടുത്തത്. 25000 രൂപയും ബുദ്ധപ്രതിമയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അഞ്ച് ചിത്രകാരന്മാർക്കുകൂടി പ്രത്യേകം പുരസ്‌കാരങ്ങൾ നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 65 ചിത്രങ്ങളുടെ പ്രദർശനം സെപ്തംബർ 6 മുതൽ 8 വരെ ആശ്രാമം 8 പോയിന്റ് ആർട്ട് ഗാലറിയിൽ നടക്കും. അനിൽ രൂപചിത്ര , രാജേന്ദ്രൻ പുല്ലൂർ, ജിതിൻ എം. ആർ, ടി ആർ രാജേഷ്, ഡോട്‌സി ആന്റണി എന്നിവരെ പ്രത്യേകജൂറി അവാർഡിന് പരിഗണിക്കും. ഇവർക്ക് സ്‌പെഷ്യൽ മൊമന്റോയും സർട്ടിഫിക്കറ്റുകളും നൽകും. കലാസാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കായി തിരഞ്ഞെടുക്കപെട്ടവർ : പ്രൊഫ. ജി ഉണ്ണികൃഷ്ണൻ (ചിത്രകല),ബേബി ശാലക (ബാലപ്രതിഭ),മോഹൻദാസ് കോട്ടയം(ഛായാചിത്രരചന),സുനിൽ ലിനസ്‌ഡെ (ജലഛായ ചിത്രരചന),രാജേന്ദ്രൻ കർത്താ(മ്യൂറൽ ചിത്രരചന),കലാലണ്ഡലം രാജീവ് (കഥകളി).

സിദ്ധാർത്ഥ സാഹിത പുരസ്‌കാരം പ്രഭാവർമയുടെ 'കനൽച്ചിലമ്പ്' എന്ന നോവലിന് ലഭിക്കും. സെപ്തംബർ 8 ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അവാർഡുകൾ വിതരണം ചെയ്യും. എം. വി ദേവൻ കലാഗ്രാമം
പ്രസിഡന്റ് ആർട്ടിസ്റ്റ് ദീപക് മയ്യനാട്, ഫൗണ്ടേഷൻ അംഗം സാം എസ് ശിവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446012054, 9288015000.