കൊട്ടാരക്കര: എം.സി.റോഡിൽ നാലു കിലോമീറ്ററിനുള്ളിൽ മൂന്നിടത്ത് അപകടം. ഇഞ്ചക്കാട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി തലകുത്തി മറിഞ്ഞു. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. കാറിലെ നാലു പേരിൽ ഒരാൾക്ക് പരിക്കേറ്റു. അടൂർ ഭാഗത്തു നിന്നെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനം ബ്രേക്കിട്ടപ്പോൾ വെട്ടിത്തിരിച്ചു നിറുത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പഴയ പോസ്റ്റോഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇഞ്ചക്കാട് കുരിശടിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കു പറ്റിയത് മൂന്നു മണിയോടെ ആയിരുന്നു. മൈലം ജംഗ്ഷനിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടർ യാത്രികയ്ക്ക് പരിക്കു പറ്റിയത് നാലോടെ ആയിരുന്നു. പരിക്കേറ്റ ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.