അമൃതപുരി: ആകാശം മുട്ടുന്ന ഫ്ളാറ്റ് സമുച്ചയങ്ങളുടെ തുഞ്ചത്ത് കൈയിൽ തൂക്കിപ്പിടിച്ച പെയിന്റ് ബക്കറ്റും ബ്രഷുമായി ജീവൻ പണയംവച്ചു ചായമടിക്കുന്ന അപകടകരമായ കാഴ്ചകൾക്ക് വിട. അതു ചെയ്യാൻ അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റോബോട്ടുകൾ റെഡി. അതിന് അവർ പേരുമിട്ടു... വാൾപി ബോട്ട്
അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന ഹരികൃഷ്ണൻ ജയചന്ദ്രനും കൂട്ടുകാരും ചേർന്നാണ് വാൾപിബോട്ട് വികസിപ്പിച്ചത്.
അമൃതപുരിയിൽ അവസാന വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കൊല്ലത്തെ പത്തുനിലയുള്ള കെട്ടിടത്തിന്റെ മുകളിലിരുന്ന് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ പുറംഭിത്തി പെയിന്റ് ചെയ്യുന്നയാളെ ഹരികൃഷ്ണൻ കണ്ടത്. അന്ന് മനസ്സിലുടക്കിയ ചിന്തയാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ. വിദ്യാർത്ഥികളായ അരവിന്ദ് സദാശിവ്, ആര്യ സുദർശൻ, അലൻ പീറ്റർ എന്നിവരും പിന്തുണയുമായി എത്തി.
അമൃതപുരിയിലെ സ്‌കൂൾ ഓഫ് എൻജിനീയറിംഗിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. എ. പുരുഷോത്തമൻ എല്ലാ പ്രോത്സാഹനവും നല്കി.
ഉയർന്ന കെട്ടിടങ്ങളിൽ മനുഷ്യർക്ക് കയറാൻ ആയാസകരമായ സ്ഥലങ്ങളിൽ എത്താനും അപകടരഹിതമായി പെയിന്റ് ചെയ്യാനും ഇതിന് കഴിയും. വോൾപിബോട്ടിന്റെ പ്രോട്ടോടൈപ് അമൃത സർവകലാശാലയിലെ ദ ബിസിനസ് ഇൻകുബേറ്ററിലെ (ടി.ബി.ഐ) ഡോ. പുരുഷോത്തമിന്റെ മാർഗനിർദ്ദേശ പ്രകാരമാണ് പരീക്ഷിച്ചത്.
രാജ്യാന്തരതലത്തിൽ പ്രശസ്തമായ ഡിസൈൻ മത്സരങ്ങളിൽ പങ്കെടുത്ത സംഘം ആക്‌സെഞ്ചർ ഇന്നവേഷൻ ചലഞ്ചിൽ സെമി ഫൈനൽവരെ എത്തി. വാൾപിബോട്ടിന്റെ പേറ്റന്റിനായി അപേക്ഷിച്ചിരിക്കുകയാണ്.
ബിരുദപഠനം പൂർത്തിയാക്കിയ ഹരികൃഷ്ണൻ അമൃത സർവകലാശാലയിലെ സൈബർ ലാബിൽ ജോലി നോക്കുന്നു. ആര്യയും അലനും കൊല്ലത്ത് ഇ.സി.ഇ ബിരുദപഠനം നടത്തുന്നു. സ്വീഡനിലെ കെ.ടി.എച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സിസ്റ്റംസ് കൺട്രോൾ ആൻഡ് റോബോട്ടിക്‌സിൽ ബിരുദാനന്തര ബിരുദപഠനം നടത്തുകയാണ് അരവിന്ദ്.
വാൾപിബോട്ട് വിപണിയിൽ ഇറക്കാനും സ്‌പേയ്‌സ് റോബോട്ടിക്‌സ് കമ്പനി തുടങ്ങാനും ഹരികൃഷ്ണന് പദ്ധതിയുണ്ട്.