ബോണസ് തീരുമാനമായി
കൊല്ലം: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2018-19 വർഷത്തെ ബോണസ് തീരുമാനമായി. 2016-17 ഫെയർ വേജസിന്റെ 8.33 ശതമാനം ബോണസായും 1300 രൂപ എക്സ്ഗ്രേഷ്യയായും നൽകാൻ തൊഴിലുടമകളും തൊഴിലാളി യൂണിയനുകളും റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ പി. ആർ ശങ്കറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
കൊല്ലം സിറ്റിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ കയറ്റിറക്ക് തൊഴിലാളികളുടെ ബോണസും വേതന വ്യവസ്ഥകളും ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. 2018-19 വർഷത്തെ ബോണസ് കഴിഞ്ഞ വർഷത്തെ ബോണസ് തുകയിൽ നിന്നും 1800 രൂപ വർധന വരുത്തി 22550 രൂപയാക്കി. മിനിമം കൂലി നിലവിലെ മിനിമം കൂലിയിൽ നിന്നും 30 രൂപ വർദ്ധിപ്പിച്ച് 580 രൂപയുമാക്കി. വർഷം ഒൻപത് ഒഴിവ് ശമ്പളം പുതുക്കിയ മിനിമം കൂലിയുടെ അടിസ്ഥാനത്തിൽ നൽകാൻ ധാരണയായി.
ജില്ലയിലെ സിനിമാ തീയേറ്റർ തൊഴിലാളികളുടെ ബോണസ് 20 ശതമാനവും എക്സ്ഗ്രേഷ്യയായി 13.75 ശതമാനവും ഉത്സവബത്തയായി 150 രൂപയും നൽകുന്നതിന് തീരുമാനിച്ചു. ശമ്പളത്തിൽ നിന്നും തിരിച്ചുപിടിക്കുന്ന അഡ്വാൻസായി ഒരു മാസത്തെ ശമ്പളം നൽകാനും ധാരണയായി.
മെട്രോ സ്കാൻ തൊഴിലാളികളുടെ ബോണസ് മാസ വേതനം 7000 രൂപ കണക്കാക്കി വാർഷിക വേതനത്തിന്റെ 10 ശതമാനം നൽകുന്നതിനും തീരുമാനമായി.