പരവൂർ: നെടുങ്ങോലം വിനായകർ വീവേഴ്സ് ഇൻഡസ്ട്രീസിലെ തൊഴിലാളികൾക്ക് ഇത്തവണയും കണ്ണീരോണം. കഴിഞ്ഞ ഒരു വർഷമായി കൂലിയില്ല, വർഷങ്ങളായി ബോണസും ലഭിക്കുന്നില്ല. ഓണം പ്രമാണിച്ച് ഒരു മാസത്തെ ശമ്പളം ബാങ്കിൽ എത്തിയതാണ് തൊഴിലാളികളുടെ ആകെയുള്ള ആശ്വാസം.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംഘത്തിന്റെ പ്രവർത്തനം. 2007 മുതൽ തൊഴിലാളികളുടെ വേതനത്തിൽ നിന്ന് പ്രോവിഡന്റ് ഫണ്ട് വിഹിതം പിടിക്കുന്നുണ്ടെങ്കിലും കൃത്യമായി അടയ്‌ക്കുന്നില്ലെന്നും ഭരണസമിതി തലത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു. പ്രസിഡന്റോ സെക്രട്ടറിയോ ഇല്ലാതെയാണ് നിലവിൽ ഭരണസമിതിയുടെ പ്രവർത്തനം. കൈത്തറി വസ്ത്രങ്ങൾക്ക് പകരം സർക്കാർ സ്‌കൂളുകളിലേക്കുള്ള യൂണിഫോമാണ് ഇപ്പോൾ പ്രധാനമായും നെയ്യുന്നത്.
ദിനംപ്രതി കടത്തിൽ മുങ്ങിയതോടെയാണ് സ്ഥാപനം ഇന്ന് കാണുന്ന സ്ഥിതിയിലേക്കെത്തിയത്.
സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ പതിനെട്ട് സെന്റ് ഭൂമിയിൽ നിന്ന് ഒരേക്കർ വിറ്റ് കടം തീർത്തതായി ഭരണസമിതി ഭാരവാഹികൾ അറിയിച്ചതായാണ് തൊഴിലാളികൾ പറയുന്നത്. ഉത്പാദനം കുറഞ്ഞതോടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഭൂമിയാകെ കാടുമൂടി കിടക്കുകയാണ്. 2014ൽ നിർമ്മിച്ച കടയും ഓഫീസുമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തനം.
22 തൊഴിലാളികൾ
ശമ്പളം ലഭിച്ചിട്ട് 1 വർഷം
2007 മുതൽ തൊഴിലാളികളിൽ നിന്ന് പിടിക്കുന്ന പി.എഫ് അടയ്ക്കുന്നില്ലെന്ന് ആക്ഷേപം
1957ലാണ് നെടുങ്ങോലം വീവേഴ്സ് ഇൻഡസ്ട്രീസ് സ്ഥാപിതമായത്.
സംഘത്തെ അടച്ചുപൂട്ടലിന്റെ വക്കോളമെത്തിച്ച ഭരണസമിതിയുടെ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ചെയ്യുന്ന ജോലിക്കുള്ള കൂലിയും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യവും ലഭ്യമാക്കണം.
തൊഴിലാളികൾ
സ്ഥാപനത്തിന്റെ തകർച്ച
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കടന്നുകയറ്റത്തിലും വ്യവസായ സ്ഥാപനങ്ങളുടെ ആധുനികവത്കരണത്തിന് മുന്നിലും പിടിച്ചുനിൽക്കാനാകാതെയാണ് നെടുങ്ങോലം വീവേഴ്സ് ഇൻഡസ്ട്രീസ് ഇന്ന് കാണുന്ന തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. 500 ഓളം തൊഴിലാളികൾ ആദ്യകാലത്ത് ഇവിടെ ജോലി ചെയ്തിരുന്ന സ്ഥാനത്ത് 22 തൊഴിലാളികൾ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. ഇവർക്കാകട്ടെ വർഷത്തിൽ നൂറ് ദിവസം പോലും ജോലി കിട്ടാറുമില്ല. നൂറിലധികം തറികളും അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരുന്നിടത്ത് 40 തറികളാണ് ഇന്നുള്ളത്. അതിൽ തന്നെ പലതും തകരാറിലും.