കൊല്ലം: കേരളാ സ്റ്റേറ്റ് അമച്വർ ബോക്‌സിംഗ് അസോസിയേഷന്റെ സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ഇന്ന് തുടങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി ഡോ. സി.ബി. രാജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സീനിയർ പുരുഷ - വനിതാ ചാമ്പ്യൻഷിപ്പ് ഇന്ന് വൈകിട്ട് 5ന് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂത്ത് പുരുഷ - വനിതാ ചാമ്പ്യൻഷിപ്പ് നാളെ വൈകിട്ട് 5ന് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് നടത്താനിരുന്ന ചാമ്പ്യൻഷിപ്പ് പ്രകൃതിക്ഷോഭവും പ്രതികൂല കാലാവസ്ഥയും കാരണമാണ് കൊല്ലത്തേക്ക് മാറ്റിയത്. 8ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, ആർ.കെ. സൂരജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.