vikas
കൊല്ലം വികാസ് ഭവൻ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി രക്ഷിതാവിനൊപ്പം റെയിൽപാളം കടക്കുന്നു

കൊല്ലം: നാല് പതിറ്റാണ്ടുകൾക്ക് മുമ്പാരംഭിച്ച ജില്ലയിലെ ആദ്യ സ്പെഷ്യൽ സ്കൂളായ വികാസ് ഭവൻ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലെത്താൻ പെടാപ്പാട് പെടുകയാണ്. സിറ്റി കമ്മിഷണർ ഓഫീസിന് സമീപം വൈ.ഡബ്ലിയു.സി.എ വളപ്പിൽ പ്രവർത്തിക്കുന്ന സ്കൂളിലെത്താൻ കുട്ടികൾ റെയിൽവേ പാളം ചാടിക്കടക്കേണ്ട സ്ഥിതിയാണ്.

റെയിൽവേ മേല്പാലം വന്നതോടെയാണ് വികാസ് ഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളും രക്ഷാകർത്താക്കളും ദുരിതത്തിലായത്. മുമ്പ് വാഹനങ്ങൾ കുട്ടികളെ സ്കൂളിൽ നേരിട്ടെത്തിക്കുമായിരുന്നു. എന്നാൽ മേൽപ്പാലം വന്നതോടെ ലെവൽക്രോസ് അടച്ചു. കാൽനട യാത്രികർക്ക് കഷ്ടിച്ച് കടക്കാൻ മാത്രം വഴിയിട്ട് ബാക്കിസ്ഥലം വേലികെട്ടിയടക്കുകയും ചെയ്തു. അതോടെ ബസുകൾ എ.ആർ ക്യാമ്പിന് മുന്നിലെത്തി വിദ്യാർത്ഥികളെ ഇറക്കിവിടുന്ന സ്ഥിതിയായി. ഇക്കാരണത്താൽ പരസഹായം കൂടാതെ റെയിൽപാത കടക്കാൻ കഴിയാത്ത കുട്ടികളെ രക്ഷാകർത്താക്കൾ തന്നെ സ്കൂളിലെത്തിക്കേണ്ട സ്ഥിതിയാണ്.

സ്വന്തമായി സ്കൂൾ ബസ് ഇല്ലാത്തതിനാൽ മറ്റ് സ്കൂളുകളിലെ വാഹനങ്ങളിലാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. പാലം വന്നതോടെ പാലത്തിന് താഴെയായി പ്രവ‌ർത്തിക്കുന്ന സ്കൂളിലേക്ക് കുട്ടികളെ എത്തിക്കാൻ ഇവ‌ർക്ക് ബുദ്ധിമുട്ടാണെന്ന നിലപാടാണ്. കമ്മിഷണർ ഓഫീസ്, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സകൂൾ തുടങ്ങി നിരവധി പ്രധാനപ്പെട്ട ഇടങ്ങളിലെത്തുന്നവരെല്ലാം ഇപ്പോൾ റെയിൽപാളങ്ങൾ കടന്നുപോകേണ്ട അവസ്ഥയാണ്.

 വൈഷമ്യങ്ങൾക്ക് പുറമേ അപകടവും

ആറു മുതൽ അമ്പത് വയസ് വരെ പ്രായമുള്ളവരാണ് വികാസ് ഭവനിലെ വിദ്യാർത്ഥികൾ. മക്കൾ സമൂഹത്തിൽ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹത്തോടെ സ്കൂളിൽ അഡ്മിഷൻ വാങ്ങിയ പാവപ്പെട്ട രക്ഷാകർത്താക്കളും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. റെയിൽവേ ലൈൻ ക്രോസ് ചെയ്യിച്ച് കുട്ടികളെ കൊണ്ടുപോകുന്നതാണ് ഏറെ വിഷമകരം. യാത്രാമദ്ധ്യേ ഇവർ പലപ്പോഴും പാളത്തിൽ തട്ടിവീണ് പരിക്കേറ്റ സാഹചര്യവുമുണ്ടായിട്ടുണ്ട്. ചില സാഹചര്യത്തിൽ പ്രായമായ രക്ഷിതാക്കൾക്കും വീണ് പരിക്കേറ്റിട്ടുണ്ട്.

 അധികൃതർക്ക് അനാസ്ഥയെന്ന്

കൊല്ലം കോർപ്പറേഷൻ പരിധിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നതെങ്കിലും ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള സഹകരണവും ഉണ്ടാകുന്നില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. സ്‌കൂളിന് സ്വന്തമായൊരു ബസ് ലഭിച്ചാൽ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. അതേസമയം അഞ്ചാലുംമൂട്, കാവനാട്, തേവള്ളി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്ക് അത് എത്രത്തോളം പ്രയോജകരമാകും എന്ന ആശങ്കയും അവർക്കുണ്ട്.

 50 വിദ്യാർത്ഥികൾ

15 പെൺകുട്ടികളും 35 ആൺകുട്ടികളുമായി അൻപത് വിദ്യാ‌ർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്.

 വികാസ് ഭവൻ സ്പെഷ്യൽ സ്കൂൾ

പ്രൈമറി വൺ, പ്രൈമറി ടു, സെക്കൻഡറി, വൊക്കേഷണൽ എന്നിങ്ങനെയാണ് വികാസ് ഭവൻ സ്പെഷ്യൽ സ്കൂളിലെ ക്ളാസുകൾ. വൊക്കേഷണലിന്റെ ഭാഗമായി മെഴുകുതിരി, പൂക്കൾ, കവർ, ഡോർമാറ്റ് എന്നിവയുടെ നിർമ്മാണവും പഠിപ്പിക്കും. കൂടാതെ ഡാൻസ് തെറാപ്പി, ഫിസിയോ തെറാപ്പി, യോഗ, എക്സർസൈസ് എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്.