കൊട്ടാരക്കര: പുത്തൂർ -ഞാങ്കടവ് റോഡ് കുണ്ടും കുഴിയുമായത് യാത്രക്കാരെ വലയ്ക്കുന്നു. ആഴമുള്ള കുഴികളിൽ മഴവെള്ളം കെട്ടി നിൽക്കുന്നതാണ് അപകടക്കെണിയൊരുക്കുന്നത്. കാൽനട യാത്രപോലും ബുദ്ധിമുട്ടായ അവസ്ഥയിലാണ് നിലവിൽ. ഓണക്കാലമായിട്ടും താത്കാലിക പരിഹാരമുണ്ടാക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്ന് ഞാങ്കടവ് പാലം വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നത്. കടമ്പനാട്, അടൂർ ഭാഗങ്ങളിലേക്ക് പോകാനുള്ള റോഡാണിത്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിന്റെ കുറച്ച് ഭാഗത്ത് കുഴിയെടുത്തിരുന്നു. മഴക്കാലമായപ്പോൾ ഇവിടെയും ചെളിക്കുണ്ടായി. എടുത്ത മണ്ണ് റോഡിന്റെ വശത്തായി കൂട്ടിയിട്ടിരിക്കുന്നതും മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി ചെളിയായി മാറുകയാണ്.
റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ അപകടങ്ങളും നിത്യസംഭവമാണ്. ഇരുചക്ര വാഹന യാത്രികരാണ് ഇരയാകുന്നതിലേറെയും. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളും ഈ റോഡിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. യൂണിഫോമിട്ട് സ്കൂളിലേക്ക് നടന്നുപോകുന്ന കുട്ടികൾ സ്കൂളിലെത്തുമ്പോഴേക്കും ചെളിവെള്ളത്തിൽ നനഞ്ഞിരിക്കും.
വെള്ളക്കെട്ട് പതിവ്
പുത്തൂർ- ഞാങ്കടവ് റോഡിൽ പല ഭാഗത്തും സ്ഥിരം വെള്ളക്കെട്ടുള്ളതാണ്. ഇവിടെ ഓടനിർമ്മിച്ച് ഇന്റർലോക്ക് പാകണമെന്ന ആവശ്യം ശക്തമാണ്. മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ ടാറിംഗ് നടത്തി ആഴ്ചകൾക്കകകം തന്നെ റോഡ് പൊളിയുന്നതാണ് അനുഭവം. കഴിഞ്ഞ വർഷം പ്രളയകാലത്ത് റോഡ് കൂടുതൽ പരിതാപകരമായ അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തിയതൊക്കെ ഇളകിപ്പോയി. ഇപ്പോൾ കൂടുതൽ കുഴികൾ രൂപപ്പെട്ട് റോഡ് ഗതാഗതം നിലയ്ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്.
ഓണക്കാലത്തെ ദുരിതം
പുത്തൂരിൽ നിന്നും ഏറ്റവും കൂടുതൽ ഓട്ടം കിട്ടുന്ന മേഖലയാണ് ഞാങ്കടവ് ഭാഗം. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഇതുവഴി പോകാൻ കഴിയില്ല. ഓട്ടം പോയാൽത്തന്നെ വലിയ നഷ്ടവുമാണ്. വാഹനത്തിന്റെ തകരാർ വേറെയും. ഈ ഗതികേട് മാറ്റണം.(ഓട്ടോ ഡ്രൈവർമാർ)