photo
ശ്രീനാരായണ പവലിയൻ കന്നേറ്റി

കരുനാഗപ്പള്ളി: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കന്നേറ്റി പള്ളിക്കലാറിന്റെ തീരത്ത് നിർമ്മിച്ച പവലിയൻ രണ്ടാം വയസിലേക്ക്.

നാട്ടുകാരുടേയും വള്ളംകളി പ്രേമികളുടേയും വർഷങ്ങളായുള്ള ആഗ്രഹം സഫലീകരിച്ച് 2018 ജനുവരിയിലാണ് പവലിയൻ നിർമ്മിച്ചത്. കേന്ദ്ര മന്ത്രിയായിരുന്ന കെ.സി. വേണുഗോപാലിന്റെ നിർദ്ദേശാനുസരണം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് നിർമ്മാണം ഏറ്റെടുത്തത്.

50 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലുമായിരുന്നു നിർമ്മാണം. ഇതിനോട് ചേർന്നാണ് ഓഫീസും പ്രവർത്തിക്കുന്നത്. 250 ഓളം പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള പവലിയന്റെ നിർമ്മാണത്തിനായി 80 ലക്ഷത്തോളം രൂപയായിരുന്നു ചെലവ്. പ്രധാന പവലിയൻ 27 തൂണുകളിലും ഓഫീസ് 4 തൂണുകളിലുമാണ് പടുത്തുയർത്തിയിരിക്കുന്നത്. ഇത് പ്രവർത്തനം ആരംഭിച്ചതോടെ പള്ളിക്കലാറും പരിസരവും വിനോദ സഞ്ചാര മേഖലയായി മാറിക്കഴിഞ്ഞു. വലിയ ഹൗസ് ബോട്ടും ചെറിയ യാത്രാബോട്ടും പവലിയനിൽ ലഭ്യമാണ്. നാട്ടിൻ പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി പേർ ഹൗസ് ബോട്ടിൽ യാത്ര ചെയ്യുന്നതിനായി കന്നേറ്റിയിൽ എത്തുന്നുണ്ട്. നിരവധി സാംസ്ക്കാരിക പരിപാടികളും ഇവിടെ അരങ്ങേറുന്നു.


ശ്രീനാരായണ ഗുരുവിന്റെ നാമേധയത്തിൽ പള്ളിക്കലാറ്റിൽ വള്ളംകളി ആരംഭിച്ചതു മുതൽ തന്നെ ശ്രീനാരായണ പവലിയന് വേണ്ടിയുള്ള ശ്രമവും ആരംഭിച്ചിരുന്നു. കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. തുടർന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ.സി.വേണുഗോപാലിന് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകുകയായിരുന്നു. തുടർന്ന് കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിച്ച് ചേർക്കുകയും ഡി.ടി.പി.സി യോട് പവലിയൻ നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

കെ. സുശീലൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ