കിഴക്കെ മാറനാട്ടെ കിണർ നശിപ്പിച്ചത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്
കൊല്ലം: കൊടിയ വേനലിലും വറ്റാത്തെ പവിത്രേശ്വരത്തെ പൊതുകിണർ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ നശിപ്പിച്ചു. പവിത്രേശ്വരം പഞ്ചായത്തിലെ കിഴക്കെ മാറനാട്ടെ 55 വർഷം പഴക്കമുള്ള കിണറാണ് രണ്ടിന് വൈകിട്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചത്. വേനൽക്കാലത്ത് ചുറ്റവട്ടത്തെ മറ്റ് ജലസംഭരണികളൊക്കെ വറ്റുമ്പോഴും ജനങ്ങൾക്ക് കുടിനീര് നൽകിയിരുന്നത് ഈ കിണറാണ്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം തുളസി ലക്ഷ്‌മണിന്റെ പരാതിയിൽ എഴുകോൺ പൊലീസ് മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു. പഞ്ചായത്തിന്റെ ആസ്‌തി ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള കിണർ നശിപ്പിച്ചതിനെതിരെ സെക്രട്ടറി പൊലീസിൽ പരാതി നൽകി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കിണർ നശിപ്പിച്ചതെന്ന നിലപാടിലാണ് സ്വകാര്യ വ്യക്തി. എന്നാൽ കോടതി വിധി കിണറുമായി ബന്ധപ്പെട്ടതല്ലെന്ന നിലപാടിലാണ് നാട്ടുകാരും പഞ്ചായത്തംഗവും. കിണർ നശിപ്പിച്ചതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾക്കൊരുങ്ങുകയാണ് നാട്ടുകാർ. സമയോചിതമായി ഇടപെട്ടതിനാൽ കിണർ മണ്ണിട്ട് മൂടാൻ കഴിഞ്ഞില്ലെങ്കിലും സംരക്ഷണ ഭിത്തി ഇടിച്ച് നിരത്തി കെട്ടുറപ്പ് ഇല്ലാതാക്കിയ നിലയിലാണ്.