x
ഇറാനിയൻ ദമ്പതികൾക്ക് തീവ്രവാദ ബന്ധം ഇല്ലെന്ന് നിഗമനം

കൊല്ലം: ചന്ദനത്തോപ്പിലെ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി പണം തട്ടിയതിന് പിടിയിലായ ഇറാനിയൻ ദമ്പതികൾക്ക് തീവ്രവാദ ബന്ധം ഉള്ളതിന് തെളിവുകളൊന്നും ലഭിച്ചില്ല. അതേസമയം തട്ടിപ്പിന്റെ ഉസ്താദുമാരാണ് ഇവരെന്നും അന്വേഷണസംഘം കണ്ടെത്തി. ദമ്പതികൾ പിടിയിലായത് അറിഞ്ഞ് രക്ഷപ്പെട്ട ഇവരുടെ സംഘത്തിൽപെട്ട 5 പേരെ കണ്ടെത്താനായില്ല. ദമ്പതികളായ ആമിർകാമ്യാബി (26), നസറിൻ കാമ്യാർ (19) എന്നിവർ റിമാന്റിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിൽ തീവ്രവാദ ബന്ധം കണ്ടത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേന്ദ്ര ഇന്റലിജൻസും ചോദ്യം ചെയ്തിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ആമിർ ഇംഗ്ലീഷിൽ സംസാരിക്കാൻ തയ്യാറായതോടെ ദ്വിഭാഷി വേണ്ടിവന്നില്ല. രക്താർബുദം ബാധിച്ച നസറീന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ നടത്താനാണ് ഇന്ത്യയിലെത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കേരളത്തിലെത്തിയതെന്തിനെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല.

അഞ്ചംഗ സംഘത്തെക്കുറിച്ച് വിവരമില്ല

തങ്കശ്ശേരിയിലെ റിസോർട്ടിൽ ഒപ്പം താമസിച്ചിരുന്ന അഞ്ചുപേർ ദമ്പതികൾ പിടിയിലായ വിവരം അറിഞ്ഞയുടൻ മുങ്ങുകയായിരുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമടങ്ങിയ സംഘം ഹര്യാന രജിസ്ട്രേഷൻ കാറിലാണ് രക്ഷപ്പെട്ടത്. ഇവർ രാജ്യം വിടാതിരിയ്ക്കാൻ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹര്യാന രജിസ്ട്രേഷൻ കാറിനു പുറമെ ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലുമായാണ് സംഘം കൊല്ലത്തെത്തിയത്. പിടിയിലായ ദമ്പതികൾ സഞ്ചരിച്ച ഡൽഹി രജിസ്ട്രേഷൻ കാർ കുണ്ടറ പൊലീസ് കസ്റ്റഡിയിലാണ്.

തട്ടിപ്പിന്റെ മാജിക്

കടകളിലെത്തി വിലകുറഞ്ഞ ഏതെങ്കിലും സാധനം വാങ്ങിയ ശേഷം തങ്ങളുടെ കൈവശം ഡോളറാണുള്ളതെന്നും മാറിത്തരാമോ എന്നും കടക്കാരനോട് ആരായും. തുടർന്ന് ഇന്ത്യൻ കറൻസി കാണാൻ ആഗ്രഹം പ്രകടിപ്പിക്കും.ഡോളർ എടുത്ത് കാട്ടുകയും ചെയ്യും. ഇന്ത്യൻ നോട്ടുകെട്ട് കൈയിൽ വാങ്ങി അതിവേഗത്തിൽ മാജിക്ക് കാട്ടും പോലെ എണ്ണിക്കാട്ടും. മടക്കി നൽകുംമുമ്പ് കെട്ടിൽ നിന്ന് കടയുടമയ്ക്ക് സംശയം തോന്നാത്തവിധം പണം അടിച്ചുമാറ്റിയിരിക്കും. കടയുടമ പിന്നീട് നോട്ട്കെട്ട് എണ്ണിനോക്കുമ്പോഴാകും കുറവുള്ള കാര്യം ബോദ്ധ്യപ്പെടുന്നത്.

ബാഗുകളിൽ നിറയെ സോപ്പ്, ചീപ്പ്, കണ്ണാടി

ഇവർ താമസിച്ച തങ്കശ്ശേരിയിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി പെട്ടികൾ കണ്ടെത്തി. പെട്ടികൾ തുറന്നു പരിശോധിച്ച പൊലീസിന് ലഭിച്ചത് വിലകുറഞ്ഞ വിവിധയിനം സോപ്പുകൾ, ചീപ്പ്, കണ്ണാടി തുടങ്ങിയ സാധനങ്ങൾ. കടകളിൽ തട്ടിപ്പ് നടത്താനെത്തുന്ന ഇവർ അവിടെ നിന്ന് പേരിന് വാങ്ങുന്ന സാധനങ്ങളാണ് ഇതെന്നാണ് നിഗമനം. ദമ്പതികളുടെ പാസ്പോർട്ട്, വിസ തുടങ്ങിയ യാത്രാരേഖകളെല്ലാം ക‌ൃത്യമാണെന്നാണ് പൊലീസ് പറയുന്നത്.

പ്രാദേശിക സഹായം ലഭിച്ചതായി സംശയം

ഇവർക്ക് പ്രാദേശികവാസികളിൽ നിന്ന് സഹായം ലഭിച്ചുവെന്ന സംശയത്തെ തുടർന്ന് ആനിലയിലുള്ള അന്വേഷണം ആരംഭിച്ചു. ഇന്ത്യയിൽ വന്ന ശേഷമാണ് ഇവർ മൊബൈൽ സിം കാർഡെടുത്തത്. അതുപയോഗിച്ചാണ് ഇവർ ഫോൺ ചെയ്തത്. ദമ്പതികൾ പിടിയിലായ ഉടൻ ഇവർ മൊബൈലിലൂടെ നൽകിയ സന്ദേശത്തെ തുടർന്നാണ് ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. മൊബൈൽ രേഖകളും പരിശോധിക്കുന്നുണ്ട്.