കൊല്ലം: കളക്ടറേറ്റിലെത്തുന്നവർക്ക് ജില്ലാ ഭരണകൂടത്തിന്റെ വക കക്കൂസ് മാലിന്യ അഭിഷേകം. കളക്ടറേറ്റിന്റെ കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലെ പ്രവേശന കവാടത്തിന് മുകളിലുള്ള ശുചിമുറികളിൽ നിന്നുള്ള പൈപ്പുകൾ പൊട്ടിയൊലിച്ച് പൊതുജനങ്ങളുടെ മുകളിലേക്ക് പതിക്കുകയാണ്.
എം.എ.സി.ടി കോടതിക്ക് എതിർവശമുള്ള കിഴക്ക് ഭാഗത്തെ കവാടത്തിലാണ് സ്ഥിതി രൂക്ഷം. മഴവെള്ളമാകാമെന്ന് കരുതി തുടച്ചുനീക്കുമ്പോഴാണ് കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിയുന്നത്. വസ്ത്രങ്ങളിൽ അഴുക്കുപടരുന്നതിനൊപ്പം അസഹ്യമായ ദുർഗന്ധവും അനുഭവപ്പെടുന്നതിനാൽ പലരും വന്നകാര്യം കവാടത്തിൽ വച്ചുതന്നെ ഉപേക്ഷിച്ച് തിരിച്ച് മടങ്ങുകയാണ്.
കളക്ടറുടെ നേതൃത്വത്തിൽ രണ്ട് ദിവസം മുമ്പ് കളക്ടറേറ്റിൽ ശുചീകരണം യജ്ഞം സംഘടിപ്പിച്ചപ്പോഴും ശുചിമുറികളിൽ നിന്നുള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താൻ തയ്യാറായില്ല. ശുചിമുറികളിൽ നിന്നുള്ള പൈപ്പ് പൊട്ടിയൊലിക്കുന്നത് നവമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്. ഓരോ ദിവസവും ആയിരങ്ങളാണ് ഈ കവാടങ്ങൾ വഴി കളക്ടറേറ്റിലേക്ക് എത്തുന്നത്.