dam
ഇന്നലെ തെന്മല പരപ്പാർ അണക്കെട്ടിൻെറ മൂന്ന് ഷട്ടറുകളും തുറന്നപ്പോൾ.

പുനലൂർ: കനത്ത മഴയെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ടിൻെറ മൂന്ന് ഷട്ടറുകളും ഇന്നലെ തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി.മൂന്ന് ഷട്ടറുകളും അഞ്ചു സെന്റീ മീറ്റർ വീതം പടിപടിയായി ഉയർത്തുകയായിരുന്നു. ജല നിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് കെ.ഐ.പി.അധികൃതർ അറിയിച്ചു.

115.82 മീറ്റർ പൂർണ്ണ സംഭരണ ശേഷിയുളള അണക്കെട്ടിൽ 112.30മീറ്റർ ജലനിരപ്പാണ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയത്. ഒരാഴ്ചയായി വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിച്ചിരുന്നു.മല മടക്കുകളിൽ ചെറിയ തോതിൽ ഉരുൾപൊട്ടുന്നതും ജലനിരപ്പ് ഉയരാൻ ഇടയാക്കി.ഇതാണ് അണക്കെട്ടിൻെറ മൂന്ന് ഷട്ടറുകളും തുറക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. അണക്കെട്ടിനോട് ചേർന്ന പവർ ഹൗസ് വഴി വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം വെളളം ആറ്റിലേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് താഴ്ന്നിരുന്നില്ല. ജല നിരപ്പ് 112 മീറ്ററായി ക്രമീകരിച്ച് നിർത്താനാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും, എന്നാൽ, തീരവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.