esi
ഇ എസ് ഐ ആശുപത്രിക്ക് മുന്നിലൂടെ ഓടപൊട്ടി മലിനജലം ഒഴുകുന്നു.

കൊട്ടിയം: കൊട്ടിയം ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിലെ റോഡിലൂടെ ഓട നിറഞ്ഞ് മലിനജലം ഒഴുകുന്നു. മനുഷ്യവിസർജ്യവും ശുചിമുറി മാലിന്യവുമടക്കം കലർന്ന മലിനജലമാണ് ദേശീയപാതയിലൂടെ കിലോമീറ്ററുകൾ ഒഴുകുന്നത്.

മലിനജലത്തിൽ ചവിട്ടാതെ ആശുപത്രിയുടെ ഗേറ്റ് കടക്കാനാവാത്ത അവസ്ഥയിലാണ് രോഗികളും ജീവനക്കാരും. ദേശീയപാതയുടെ വശത്തുകൂടി പരന്നൊഴുകുന്ന മലിനജലത്തിൽ ചവിട്ടി രൂക്ഷമായ ദുർഗന്ധവും സഹിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് കാൽനട യാത്രികർ. വെളിയിട വിസർജ്ജന വിമുക്ത പഞ്ചായത്തായി ഐ.എസ്.ഒ അംഗീകാരം നേടിയ മയ്യനാട് പഞ്ചായത്തിന്റെ പരിധിയിലാണ് നടുറോഡിലൂടെ മലിനജലം ഒഴുകുന്നത്.

മഴവെള്ളം ഒഴുകി പോകുന്നതിനായാണ് ദേശീയപാതയ്ക്ക് ഇരുവശവും ഓടകൾ നിർമ്മിച്ച് പറക്കുളത്തെ തോടുമായി ബന്ധിപ്പിച്ചിരുന്നത്. എന്നാൽ കാലങ്ങളായി കൊട്ടിയത്തെ വ്യാപാര സ്ഥാപനങ്ങൾ ഓടയിലൂടെ മലിനജലം ഒഴുക്കിവിടുകയാണ്. മലിനജലം ഒഴുകിയെത്തിയതോടെ പറക്കുളം വയൽ, പുല്ലാങ്കുഴി എന്നിവിടങ്ങളിലെ ജലസ്രോതസുകൾ മലിനമായിരുന്നു. ഇതേതുടർന്ന് നാട്ടുകാരും വാർഡ് മെമ്പറും ചേർന്ന് വ്യാപാര സ്ഥാപനങ്ങൾ ഓടയിലേക്ക് ഘടിപ്പിച്ചിരുന്ന മാലിന്യക്കുഴലുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ നീക്കം ചെയ്ത മാലിന്യക്കുഴലുകൾ മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ച് മലിനജലം ഒഴുക്കുകയാണ് ചെയ്യുന്നത്.

അധികൃതരോട് പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ ഓടയുടെ ചില ഭാഗങ്ങൾ മണ്ണിട്ട് മൂടിയിരുന്നു. ഇവിടങ്ങളിൽ കൂടിയാണ് ഇപ്പോൾ മലിനജലം കവിഞ്ഞ് ഒഴുകുന്നത്. സാംക്രമിക രോഗഭീതിയുയർത്തി നടുറോഡിലൂടെ മലിനജലം ഒഴുകുന്നതിന് ഉടൻ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെെ ആവശ്യം.